ദളിത് കൊലപാതകത്തെ ചോദ്യം ചെയ്തു; ഗുജറാത്ത് എം.എല്‍.എ ജിഗ്നേഷ് മേവാനിയെ നിയമസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു
national news
ദളിത് കൊലപാതകത്തെ ചോദ്യം ചെയ്തു; ഗുജറാത്ത് എം.എല്‍.എ ജിഗ്നേഷ് മേവാനിയെ നിയമസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th March 2021, 9:24 pm

അഹമ്മദാബാദ്: ഗുജറാത്ത് സ്വതന്ത്ര എം.എല്‍.എ ജിഗ്നേഷ് മേവാനിയെ നിയമസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി റിപ്പോര്‍ട്ട്. സ്പീക്കറുടെ അനുമതിയില്ലാതെ ദളിത് മധ്യവയസ്‌കന്‍ കൊല്ലപ്പെട്ട വിഷയം സഭയില്‍ ഉന്നയിച്ചുവെന്നു കാട്ടിയാണ് സസ്‌പെന്‍ഷന്‍.

സ്പീക്കര്‍ രാജേന്ദ്ര ത്രിവേദിയുടെ നിര്‍ദേശപ്രകാരമാണ് മേവാനിയെ സഭയില്‍നിന്ന് പുറത്താക്കിയത്. മുമ്പ് ഈ വിഷയം ഉന്നയിച്ചതിന്റെ പേരില്‍ വ്യാഴാഴ്ചയും മേവാനിയെ സഭയില്‍ നിന്ന് പുറത്താക്കിയിരുന്നു.

മാര്‍ച്ച് രണ്ടിന് പൊലീസുകാരന്റെ മുന്നില്‍ വെച്ച് ദളിത് മധ്യവയസ്‌കന്‍ കൊല്ലപ്പെട്ട വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു മേവാനി രംഗത്തെത്തിയത്. വിഷയം പോസ്റ്ററിലൂടെ ഉയര്‍ത്തിക്കാട്ടിയായിരുന്നു മേവാനി സഭയിലെത്തിയത്.

പ്രതികളെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നായിരുന്നു മേവാനിയുടെ ചോദ്യം. മേവാനിയുടെ മൈക്ക് ഓഫ് ചെയ്തതോടെ അദ്ദേഹം ഒച്ചവെക്കാന്‍ തുടങ്ങി.

എന്തുകൊണ്ട് ബി.ജെ.പി സര്‍ക്കാര്‍ ഇതുവരെ പൊലീസുകാരനെയും മറ്റു പ്രതികളെയും അറസ്റ്റ് ചെയ്യുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു.
എന്നാല്‍ സ്പീക്കറുടെ അനുമതിയില്ലയെന്നാരോപിച്ച് മേവാനിയെ സഭയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

ആഭ്യന്തര സഹമന്ത്രി പ്രദീപ്സിങ് ജഡേജക്ക് പൊലീസുകാരനുമായി ബന്ധമുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ സഭയില്‍ അച്ചടക്കം പാലിക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെടുകയായിരുന്നു.

എന്തെങ്കിലും വിഷയം ഉന്നയിക്കണമെങ്കില്‍ ആദ്യം തന്നോട് അനുമതി തേടണമെന്നും സ്പീക്കര്‍ പറഞ്ഞു. വിഷയം വീണ്ടും ഉന്നയിച്ചതോടെ മേവാനിയെ പുറത്താക്കാന്‍ സ്പീക്കര്‍ ഉത്തരവിടുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Gujarat MLA Jignesh Mevani suspended from state Assembly for ‘indiscipline’