ഗുവാഹത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വീറ്റ് ചെയ്ത കേസില്‍ അസമിലെ കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ ഗുജറാത്തില്‍ നിന്നുള്ള എം.എല്‍.എ ജിഗ്‌നേഷ് മേവാനി വീണ്ടും അറസ്റ്റില്‍.
പുതിയ കേസിലാണ് അദ്ദേഹത്തെ ബി.ജെ.പി സര്‍ക്കാര്‍ നിയന്ത്രിക്കുന്ന അസം പൊലീസ് അറസ്റ്റ് ചെയ്തത്. അസമിലെ ബാര്‍പേട്ട പൊലീസാണ് അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്ത്. പുതുതായി ഏത് കേസിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പുറത്തുവിടുന്നില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്വീറ്റ് ചെയ്തതിന് അറസ്റ്റിലായതിന് പിന്നാലെ മേവാനിക്ക് ജാമ്യം ലഭിച്ചിരുന്നു. അസമിലെ കൊക്രജാര്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്.
മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡി ഞായറാഴ്ച അവസാനിച്ചതിനെ തുടര്‍ന്ന് ജിഗ്‌നേഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.
പ്രധാനമന്ത്രിക്കെതിരെ ട്വീറ്റ് ചെയ്തതിന് അസം പൊലീസ് ബുധനാഴ്ചയാണ് ജിഗ്‌നേഷ് മേവാനിയെ അറസ്റ്റ് ചെയ്തത്. ഗുജറാത്ത് എം.എല്‍.എയും ദലിത് നേതാവുമായ ജിഗ്‌നേഷ് മേവാനിയെ ഒരുദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു.
ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്(സി.ജെ.എം) കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതിനെ തുടര്‍ന്ന് മേവാനി കൊക്രജാര്‍ ജയിലിലാണുണ്ടായിരുന്നത്.
Content Highlights: Gujarat MLA Jignesh Mevani Re-Arrested Right After Getting Bail