ഗാന്ധിനഗർ: ഗുജറാത്തിൽ റാഗിങ്ങിനിടെ മെഡിക്കൽ വിദ്യാർത്ഥി കൊല്ലപ്പെട്ടു. ഗുജറാത്തിലെ പടാൻ ജില്ലയിലെ മെഡിക്കൽ കോളേജിലാണ് സംഭവം. 18 കാരനായ വിദ്യാർത്ഥിയെ ഹോസ്റ്റലിൽ വെച്ച് സീനിയേഴ്‌സ് റാഗ് ചെയ്യുകയായിരുന്നു. റാഗിങ്ങിനിടെ വിദ്യാർത്ഥിയെ സീനിയേഴ്‌സ് മൂന്ന് മണിക്കൂർ തുടർച്ചയായി നിർത്തിയതിനെ തുടർന്നാണ് മരണമെന്നാണ് നിഗമനം.
സുരേന്ദ്രനഗർ ജില്ലയിലെ ജെസ്‌ദ ഗ്രാമത്തിൽ നിന്നുള്ള അനിൽ നട്‌വർഭായ് മെഥാനിയ ആണ് കൊല്ലപ്പെട്ടത്. പടാനിലെ ധാർപൂരിലുള്ള ജി.എം.ഇ.ആർ.എസ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒന്നാം വർഷ വിദ്യാർഥിയായിരുന്നു.
അനിൽ ബോധരഹിതനായി വീണ വിവരം കോളേജിൽ നിന്നും വിളിച്ച് പറഞ്ഞെന്ന് ബന്ധുവായ ധർമേന്ദ്ര മെതാനിയ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‘ഞങ്ങൾ കോളേജിൽ എത്തിയപ്പോൾ, അവൻ മരിച്ചുവെന്ന് ഞങ്ങളോട് പറഞ്ഞു, മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. ഒന്നാം വർഷ വിദ്യാർത്ഥികളെ മൂന്നാം വർഷ വിദ്യാർത്ഥികൾ റാഗ് ചെയ്തതായും അനിലിനെ രണ്ട് മൂന്ന് മണിക്കൂർ നിർത്തിയതായും ഞങ്ങൾ കേട്ടു. അനിലിന്റെ മരണത്തിൽ ന്യായമായ അന്വേഷണം വേണം, ‘ അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച രാത്രി റാഗിങ്ങിന് ഇരയായ പത്തിലധികം വിദ്യാർത്ഥികളിൽ അനിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് അനിലിൻ്റെ ബാച്ച്‌മേറ്റ്‌സ് മാധ്യമങ്ങളോട് പറഞ്ഞു. ‘ഞങ്ങളുടെ സ്വദേശത്തെ അടിസ്ഥാനമാക്കി രാത്രി ഒമ്പത് മണിക്ക് ഹോസ്റ്റൽ ബ്ലോക്കുകളിൽ എത്തിച്ചേരാൻ അവർ പറഞ്ഞു.
വിദ്യാർത്ഥികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലാണ് ഇക്കാര്യം അറിയിച്ചത്.
മൂന്ന് മണിക്കൂറിലധികം നിന്നതിന് ശേഷം ഞങ്ങളോട് സ്വയം പരിചയപ്പെടുത്താൻ ആവശ്യപ്പെട്ടു,’ വിദ്യാർത്ഥി പറഞ്ഞു. ബോധരഹിതനായി വീണ അനിലിനെ ചില വിദ്യാർത്ഥികൾ ധാർപൂർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുപോയതായി കോളേജ് ഡീൻ ഡോ. ഹാർദിക് ഷാ പറഞ്ഞു. പിന്നീട് അവിടെവെച്ച് അനിൽ മരിക്കുകയായിരുന്നു.
‘സംഭവത്തിൽ കോളേജിലെ റാഗിങ് വിരുദ്ധ സമിതി അന്വേഷണം ആരംഭിച്ചു. ഞങ്ങൾ പൊലീസിനെയും അറിയിച്ചിട്ടുണ്ട്. റാഗിങ്ങിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ ബന്ധപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഷാ പറഞ്ഞു.
ബാലിസാന പൊലീസ് സ്റ്റേഷനിൽ അപകട മരണ റിപ്പോർട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പടാൻ എസ്.പി ഡോ.രവീന്ദ്ര പട്ടേൽ പറഞ്ഞു. എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കൽ കോളേജിലെ റാഗിങ് വിരുദ്ധ സമിതിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും അതിൻ്റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlight: Gujarat medical student dies during ragging: ‘Made to stand for three hours’