അഹമ്മദാബാദ്: കന്നുകാലികളെ റോഡില്‍ ഇറക്കിവിട്ടതിന് ഉടമക്ക് ആറ് മാസം തടവുശിക്ഷ. പശുക്കളെ റോഡില്‍ ഇറക്കിവിട്ട് ആളുകളുടെ ജീവന്‍ അപകടത്തിലാക്കിയതിനാണ് പ്രകാശ് ജയറാം ദേശായി എന്നയാള്‍ക്ക് ഗുജറാത്ത് കോടതി ശിക്ഷ വിധിച്ചത്.
അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടികൂടാനെത്തിയ അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ കന്നുകാലി ശല്യ നിയന്ത്രണ വിഭാഗത്തിലെ ജീവനക്കാരനെ ഭീഷണിപ്പെടുത്തിയതിന് ഇയാള്‍ക്ക് രണ്ട് വര്‍ഷത്തെ തടവും കോടതി വിധിച്ചു.
തെരുവില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ ശല്യം തടയാന്‍ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് സാരംഗ വ്യാസിന്റെ വിധി.
2019 ജൂലൈ 27ന് ഷാപൂര്‍ ദര്‍വാജക്ക് സമീപത്തെ ശാന്തിപുര ഛപ്രയ്ക്ക് സമീപം അഞ്ച് പശുക്കള്‍ അലഞ്ഞുതിരിയുന്നത് കണ്ടപ്പോഴാണ് അധികൃതര്‍ ദേശായിക്കെതിരെ കേസെടുത്തത്. തുടര്‍ന്ന് ഇയാള്‍ ജീവനക്കാരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഐ.പി.സി സെക്ഷന്‍ 308, 289, 186, 506(2), ഗുജറാത്ത് പൊലീസ് ആക്ട്, മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമം എന്നിവ പ്രകാരമാണ് ദേശായിക്കെതിരെ കേസെടുത്തത്.
വിചാരണക്കോടതിയില്‍ പ്രോസിക്യൂഷന്‍ ആറ് സാക്ഷികളെ വിസ്തരിച്ചു. ദേശായിയുടെ സമുദായത്തില്‍പ്പെട്ട രണ്ട് പ്രധാന സാക്ഷികള്‍ കൂറുമാറി. എന്നാല്‍, റെയ്ഡ് നടത്തിയ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ ദേശായിക്കെതിരെ മൊഴി നല്‍കുകയായിരുന്നു.
കേസില്‍ ദേശായിയുടെ കന്നുകാലികള്‍ വഴിതെറ്റിയതിനാലും, ആര്‍ക്കും പരിക്കേല്‍ക്കാത്തതിനാലും ഐ.പി.സി സെക്ഷന്‍ 308 (നരഹത്യാ വകുപ്പ് ) ബാധകമല്ലെന്ന് കോടതി പറഞ്ഞു.
എന്നാല്‍ കൃത്യമായ ക്രമീകരണങ്ങള്‍ ഒരുക്കാതെ പശുക്കളെ റോഡില്‍ അഴിച്ചുവിട്ടതിനും ആളുകളുടെ ജീവന്‍ അപകടത്തിലാക്കിയതിനും ദേശായി കുറ്റക്കാരനാണെന്ന് കോടതി വിധിക്കുകയായിരുന്നു.
അതേസമയം, കഴിഞ്ഞ ഏപ്രിലില്‍ നഗരപ്രദേശങ്ങളില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെ നിയന്ത്രിക്കാനുള്ള നിയമം ഗുജറാത്ത് നിയമസഭ പാസാക്കിയിരുന്നു.
ഗുജറാത്തിലെ എട്ട് പ്രധാന നഗരങ്ങളായ അഹമ്മദാബാദ്, വഡോദര, സൂറത്ത്, രാജ്‌കോട്ട്, ഗാന്ധിനഗര്‍, ജാംനഗര്‍, ഭാവ്‌നഗര്‍, ജുനഗഡ് മുനിസിപ്പല്‍ കോര്‍പറേഷനുകളും 162 മുനിസിപ്പാലിറ്റികളിലുമാണ് നിയമം നടപ്പാക്കിയത്.
പുതിയ നിയമപ്രകാരം കാലികളെ വളര്‍ത്തുന്നതിന് ലൈസന്‍സ് ആവശ്യമാണ്. തദ്ദേശ സ്ഥാപനത്തില്‍ നിന്നാണ് ലൈസന്‍സ് എടുക്കേണ്ടത്. കാലികളെ വളര്‍ത്താനാവശ്യമായ സൗകര്യം ഉടമകള്‍ക്ക് ഉണ്ടെന്ന് ഉറപ്പാക്കാനാണ് ലൈസന്‍സ്.