national news
ഗുജറാത്തിലെ സൂറത്തില്‍ മാധ്യമപ്രവര്‍ത്തകനെ കുടുംബത്തിന്റെ മുന്നിലിട്ട് പട്ടാപ്പകല്‍ കുത്തിക്കൊന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Feb 14, 04:54 pm
Monday, 14th February 2022, 10:24 pm

സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ മാധ്യമപ്രവര്‍ത്തകനെ പട്ടാപ്പകല്‍ കുത്തിക്കൊന്നു. സൂറത്ത് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകനായ ജുനെദ് ഖാന്‍ പത്താ(37)നെയാണ് കുടുംബത്തിന്റെ മുന്നിലിട്ട് കൊലപ്പെടുത്തിയത്. ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം ഷാഹ്പൂര്‍ വാഡിലെ ബന്ധുവീട്ടിലേക്ക് പോകും വഴിയാണ് ആക്രമണം.

തിരക്കേറിയ ജില്ലാനി പാലത്തില്‍ വെച്ച് പിന്നാലെ വന്ന കാര്‍ ഇവരുടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു.
തുടര്‍ന്ന് കുടുംബം ബൈക്കില്‍ നിന്നും വീണു. പിന്നാലെയാണ് നാലുപേരടങ്ങിയ സംഘം കാറില്‍ നിന്നും ഇറങ്ങി ജുനെദിനെ കുത്തികൊലപ്പെടുത്തിയത്. ജുനെദ് സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്.

സൂറത്തിലെ ഒരു പ്രദേശിക വാരികയിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. ജുനെദിനെ കുത്തിയ കൊലപാതക സംഘം സംഭവസ്ഥലത്ത് നിന്നും ഉടന്‍ തന്നെ കടന്നുകളഞ്ഞുവെന്നാണ് പൊലീസ് പറയുന്നത്.

പൊലീസ് കൊലപാതകികള്‍ക്കായി വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്നാണ് പൊലീസ് പറയുന്നത്.