| Tuesday, 13th August 2019, 8:09 pm

'വണ്‍ രാഖി ഫോര്‍ സഞ്ജീവ് ഭട്ട്' കാമ്പയിന്‍; പിന്തുണച്ച് ജയിലിലെത്തിയത് 30,000 രാഖികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഗുജറാത്ത് ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന് പിന്തുണയറിയിച്ച് ജയിലില്‍ എത്തിയത് 30,000 രാഖികള്‍.

സഞ്ജീവ് ഭട്ടിന് നീതി വേണമെന്ന ആവശ്യവുമായി കത്വ കേസിലെ അഭിഭാഷകയായ ദീപിക രജാവത്താണ് ‘വണ്‍ രാഖി ഫോര്‍ സഞ്ജീവ് ഭട്ട്’ കാമ്പയിന്‍  ആരംഭിച്ചത്. കാമ്പയിന്‍ ആരംഭിച്ച് ഒരു ദിവസം പിന്നിട്ടതോടെയാണ് 30,000 രാഖികള്‍ സഞ്ജീവ് ഭട്ടിനായി എത്തിയത്. ഇത് സഞ്ജീവിന്റെ കുടുംബം അംഗീകരിച്ചു.

ബുധനാഴ്ച്ച 300 ലധികം യുവതികള്‍ സഞ്ജീവ് ഭട്ടിന് രാഖി കെട്ടുന്നതിനായി പാലന്‍പൂരിലിലേക്ക് പോകുന്നുണ്ട്.

അഹമ്മദാബാദിലെ ഡ്രൈവ് ഇന്‍ റോഡിലുള്ള ഭട്ടിന്റെ വസതിയിലാണ് അദ്ദേഹത്തിനുള്ള രാഖികള്‍ പ്രദര്‍ശിപ്പിച്ചത്. രജാവത്തിനെ കൂടാതെ കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേല്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സെഡ്രിക് പ്രകാശ്, പട്ടിദാര്‍ നേതാവ് ഗീത പട്ടേല്‍, പ്രവര്‍ത്തകരായ ദേവ് ദേശായി, നൂര്‍ജെഹാന്‍ ദിവാന്‍ എന്നിവരും സഞ്ജീവിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

30 വര്‍ഷം മുമ്പുള്ള കസ്റ്റഡി മരണക്കേസിലാണ് സഞ്ജീവ് ഭട്ടിനെ ശിക്ഷിച്ചത്.

സഞ്ജീവ് ഭട്ട് ജാംനഗറില്‍ അഡീഷണല്‍ പൊലീസ് സുപ്രണ്ടായിരിക്കെ 1990 ല്‍ നടന്ന കസ്റ്റഡി മരണക്കേസിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഒരു വര്‍ഗീയ സംഘര്‍ഷ വേളയില്‍ സഞ്ജീവ് ഭട്ട് നൂറിലേറെ ആളുകളെ കസ്റ്റഡിയിലെടുക്കുകയും അതില്‍ ഒരാള്‍ മോചിപ്പിക്കപ്പെട്ടശേഷം ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയും ചെയ്‌തെന്നാണ് പ്രോസിക്യൂഷന്‍ വാദം.

We use cookies to give you the best possible experience. Learn more