'മോദി ഗുജറാത്തിന് വിലയിടണ്ട' ; പട്ടേല്‍ നേതാവിന് കോഴ വാഗ്ദാനം ചെയ്ത് ബി.ജെ.പി നേതൃത്വത്തിനെതിരെ രാഹുല്‍ഗാന്ധി
India
'മോദി ഗുജറാത്തിന് വിലയിടണ്ട' ; പട്ടേല്‍ നേതാവിന് കോഴ വാഗ്ദാനം ചെയ്ത് ബി.ജെ.പി നേതൃത്വത്തിനെതിരെ രാഹുല്‍ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd October 2017, 11:51 am

ന്യൂദല്‍ഹി: ബി.ജെ.പിയില്‍ ചേരാനായി പട്ടേല്‍ സംവരണ നേതാവ് നരേന്ദ്രപട്ടേലിന് ഒരുകോടി രൂപ വാഗ്ദാനം ചെയ്ത ബി.ജെ.പി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്ത് എന്നത് വിലമതിക്കാവാത്തതാണെന്നും ഗുജറാത്തിനെ പണം നല്‍കി വിലയ്‌ക്കെടുക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

ഗുജറാത്ത് വിലമതിക്കാവാത്തതാണ്. അതിനെ വിലക്കെടുക്കാന്‍ ആര്‍ക്കും കഴിയില്ല. വിലക്കെടുക്കാമെന്ന് ആരും കരുതുകയും വേണ്ട. – രാഹുല്‍ പറയുന്നു.

ഇന്ന് ഗാന്ധിനഗറില്‍ നടക്കുന്ന നവസര്‍ജ്ജന്‍ ജനദേശ് മഹാസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്നുണ്ട്. പട്ടേല്‍ നേതാവ് ഹാര്‍ദിക് പട്ടേലുമായി രാഹുല്‍ഗാന്ധി കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയുന്നത്.


Dont Miss ഇനി ബി.ജെ.പിയില്‍ തുടരില്ല; നരേന്ദ്രപട്ടേലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച് പട്ടേല്‍ നേതാവ് നിഖില്‍ സാവനി


ഗുജറാത്തിലെ ഒ.ബി.സി നേതാവായിരുന്ന അല്‍പേഷ് താക്കൂര്‍ താന്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചതായി ഇന്നലെ പ്രഖ്യാപനം നടത്തിയിരുന്നു. അല്‍പേഷ് താക്കൂറും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും ഗാന്ധിനഗറില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസിന്റെ കൂറ്റന്‍ റാലിയില്‍ വെച്ചായിരിക്കും പാര്‍ട്ടിക്കൊപ്പം ചേരുക.

ഗുജറാത്തിലെ കോണ്‍ഗ്രസ് തലവനായ ഭാരത് സിങ് സോളങ്കി പട്യാദാര്‍ സമരനേതാക്കളായ ഹാര്‍ദിക് പട്ടേലിനേയും ദളിത് നേതാവായ ജിഗ്നേഷ് മെവാനിയേയും കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചിരുന്നു.

ഇതിനിടെ ബി.ജെ.പിയില്‍ ചേരാനായി ഒരുകോടി രൂപ വാഗ്ദാനം ചെയ്‌തെന്ന പട്ടേല്‍ സമര നേതാവ് നരേന്ദ്ര പട്ടേലിന്റെ വെളിപ്പെടുത്തിന് പിന്നാലെ ബി.ജെ.പി നേതൃത്വത്തിന് എതിരെ ആഞ്ഞടിച്ച് അടുത്തിടെ ബി.ജെ.പിയില്‍ ചേര്‍ന്ന പട്ടേല്‍ നേതാവ് നിഖില്‍ സാവനി രംഗത്തെത്തി.

ബി.ജെ.പിയുടെ ഈ നടപടിയില്‍ അങ്ങേയറ്റം ദു:ഖമുണ്ടെന്നും ഇനി അവര്‍ക്കൊപ്പം തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുകയാണെന്നും നിഖില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബി.ജെ.പിയില്‍ ചേരാനായി 1 കോടി രൂപ നരേന്ദ്രപട്ടേലിന് വാഗ്ദാനം ചെയ്തതായാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. ഈവര്‍ത്ത കേട്ട് ഞാന്‍ ദു:ഖിതനാണ്. ഇന്ന് തന്നെ ബി.ജെ.പിയില്‍ നിന്നും പുറത്തുപോകും.- നിഖില്‍ സാവമി പറഞ്ഞു. ബി.ജെ.പി വാഗ്ദാനം ചെയ്ത ഒരുകോടി രൂപ കൈപ്പറ്റാന്‍ തയ്യാറാകാതിരുന്ന നരേന്ദ്രപട്ടേലിനേയും നിഖില്‍ അഭിനന്ദിച്ചു.