ഗുജറാത്ത് വിഷമദ്യ ദുരന്തം; 40 കടന്ന് മരണം, 10 അറസ്റ്റ്
national news
ഗുജറാത്ത് വിഷമദ്യ ദുരന്തം; 40 കടന്ന് മരണം, 10 അറസ്റ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th July 2022, 3:27 pm

അഹ്മദാബാദ്: മദ്യവിരുദ്ധ സംസ്ഥാനമായ ഗുജറാത്തിലുണ്ടായ വ്യാജ മദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 40 ആയി. സംഭവത്തില്‍ 10 പേരെ ഗുജറാത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്ത് വിഷമദ്യം ഒഴുകുന്നുണ്ടെന്ന് രേഖാമൂലം പരാതി നല്‍കിയിട്ടും പരാതി പൊലീസ് അവഗണിച്ചതാണ് വന്‍ ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഗുജറാത്തിലെ ബോട്ടാഡ് ജില്ലയിലായിരുന്നു സംഭവം.

മരിച്ചവരില്‍ 31 പേര്‍ ബോട്ടാഡിലെ വിവിധ ഗ്രാമങ്ങളില്‍ നിന്നുള്ളവരും ഒമ്പത് പേര്‍ അഹമ്മദാബാദ് ജില്ലയിലെ ധന്ധുക താലൂക്കില്‍ നിന്നുള്ളവരുമാണെന്ന് ബോട്ടാഡ് പോലീസ് കണ്‍ട്രോള്‍ റൂം ഉദ്യോഗസ്ഥര്‍ അറിയിച്ചു.

50 ഓളം പേരെ ഭാവ്നഗര്‍, ബോട്ടാഡ്, അഹമ്മദാബാദ് എന്നിവിടങ്ങളിലെ ആശുപത്രികളില്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞതായി മിഡ്-ഡേ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് നിലവില്‍ 20 പേര്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അഹമ്മദാബാദിലെ സ്വകാര്യ ഫാക്ടറിയില്‍ നിന്നും അവിടുത്തെ ഗോഡൗണ്‍ ചുമതലക്കാരനായ ജയേഷ് ഖെവാഡിയ എന്നയാളാണ് മെഥനോള്‍ വിതരണക്കാര്‍ക്ക് എത്തിച്ച് നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ട്. 7,000 രൂപ പ്രതിഫലമായി കൈപ്പറ്റുകയും ഇത് മദ്യമെന്ന പേരില്‍ പാവപ്പെട്ട തൊഴിലാളികളില്‍ നിന്ന് വന്‍ തുക വാങ്ങി വിതരണം ചെയ്യുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

ദുരന്തം നടന്ന ബൊട്ടാദ് ജില്ലയിലെ ഒരു പഞ്ചായത്ത് പ്രസിഡന്റ് നാല് മാസം മുന്‍പ് വ്യാജമദ്യത്തെ കുറിച്ച് പൊലീസിന് കത്ത് നല്‍കിയിരുന്നു. വ്യാജമദ്യം ഒഴുകുന്നെന്ന കത്ത് പൊലീസ് അവഗണിച്ചിരുന്നു. ഇതിനിടെ മദ്യമാഫിയയില്‍ നിന്ന് പണം പിരിക്കാന്‍ സ്ഥലത്തെ ഒരു എ.എസ്.ഐ നടത്തുന്ന സംഭാഷണവും പുറത്ത് വന്നിരുന്നു.

ഇതിനിടെ പൊതുവേദിയില്‍ മദ്യപിച്ചെത്തിയ ഛോട്ടാ ഉദേപൂര്‍ ബി.ജെ.പി ജില്ലാ പ്രസിഡന്റിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങലില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോ വ്യാപകമായി പ്രചരിച്ചത് വിവാദങ്ങള്‍ക്ക് വഴിവെച്ചതോടെ കഴിഞ്ഞ ദിവസം അദ്ദേഹം രാജി വെച്ചിരുന്നു.

ലഹരി മാഫിയയും ബി.ജെ.പി നേതാക്കളും തമ്മിലുള്ള ബന്ധത്തിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നതെന്ന് ആരോപിച്ച് കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. മദ്യനിരോധനം പേപ്പറില്‍ മാത്രമെന്ന് ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളും വിമര്‍ശിച്ചു.

Content Highlight: Gujarat Hooch liquor tragedy: 40 deaths confirmed, 10 arrested till now