ഗാന്ധിനഗര്‍/ധര്‍മശാല: ഗുജറാത്തിലെയും ഹിമാചല്‍പ്രദേശിലും നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട ഫലസൂചനകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിവെക്കുന്ന രീതിയിലാണ് ആദ്യ ഘട്ടത്തിലെ റിസല്‍ട്ടുകള്‍.
ഹിമാചലില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. ആകെയുള്ള 68 സീറ്റുകളില്‍ 34 സീറ്റുകളില്‍ വീതമാണ് ഇരു പാര്‍ട്ടികളും ലീഡ് ചെയ്യുന്നത്. ഹിമാചലില്‍ ഒരു പക്ഷെ ഇത്തവണ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതയുണ്ടാകുമെന്ന് ചില തെരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ സൂചിപ്പിച്ചിരുന്നു.
കോണ്‍ഗ്രസും ബി.ജെ.പിയും മാറിമാറി ഭരിക്കുന്ന ട്രെന്‍ഡും ഇപ്രാവശ്യം കോണ്‍ഗ്രസിന് സാധ്യത കല്‍പിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ നേരിയ ഭൂരിപക്ഷത്തോടെ ബി.ജെ.പി തന്നെ ഭരണത്തില്‍ തുടരുമെന്ന പ്രവചനങ്ങളും ചിലര്‍ നടത്തിയിരുന്നു.
ഗുജറാത്തില്‍ ബി.ജെ.പി വലിയ മുന്നേറ്റമാണ് സൃഷ്ടിച്ചിരിക്കുന്നത്. പുറത്തുവരുന്ന വോട്ടെണ്ണല്‍ ഫലങ്ങള്‍ പ്രകാരം 128 സീറ്റുകളിലാണ് ബി.ജെ.പി ലീഡ് ഉയര്‍ത്തിയിരിക്കുന്നത്. ഈ നിലയില്‍ തുടരുകയാണെങ്കില്‍ ഗുജറാത്തില്‍ ഏഴാം തവണയും ബി.ജെ.പി തന്നെ അധികാരത്തിലെത്തിയേക്കാം.
കഴിഞ്ഞ ദിവസം വരെ പുറത്തുവന്ന മിക്ക എക്‌സിറ്റ് പോള്‍ ഫലങ്ങളും ബി.ജെ.പി വമ്പിച്ച ഭൂരിപക്ഷത്തോടെ ഭരണം നിലനിര്‍ത്തുമെന്നായിരുന്നു സൂചിപ്പിച്ചിരുന്നത്. 2017ല്‍ 99 സീറ്റുകളിലായിരുന്നു ബി.ജെ.പി ജയിച്ചിരുന്നത്. ഇത്തവണ സീറ്റ് നിലയും ഉയരാനാണ് സാധ്യതകള്‍.
ഇത്തവണ ഗ്രാമങ്ങളെയും നഗരങ്ങളെയും കേന്ദ്രീകരിച്ച് നിശബ്ദ പ്രചരണത്തിനും താഴെത്തട്ടിലേക്ക് വരെ ഇറങ്ങിച്ചെന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമായിരുന്നു കോണ്‍ഗ്രസ് ശ്രദ്ധിച്ചിരുന്നത്. 2017ല്‍ 77 സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിച്ചിരുന്നു.
ദല്‍ഹിയിലും പഞ്ചാബിലും നേടിയ വിജയം ഗുജറാത്തിലും സൃഷ്ടിക്കാനാണ് ആം ആദ്മി പാര്‍ട്ടി രംഗത്തെത്തിയിരുന്നത്. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ വമ്പന്‍ പ്രചാരണ പരിപാടികളായിരുന്നു എ.എ.പി നടത്തിയത്. എക്‌സിറ്റ് പോളില്‍ അഞ്ച് സീറ്റുകള്‍ വരെയാണ് ആം ആദ്മിക്ക് പ്രവചിച്ചിരുന്നത്. നിലവില്‍ രണ്ട് സീറ്റുകളിലാണ് പാര്‍ട്ടി ലീഡ് ചെയ്യുന്നത്.