ഗാന്ധിനഗര്‍: പള്ളികളില്‍ ലൗഡ് സ്പീക്കറിലൂടെയുള്ള ബാങ്ക് വിളി നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതി. ആക്ടിങ് ചീഫ് ജസ്റ്റിസ് എ.ജെ ദേശായ്, ജസ്റ്റിസ് ബിരേന്‍ വൈഷ്ണവ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
ധര്‍മ്മേന്ദ്ര പ്രജാപതി എന്നയാളായിരുന്നു പള്ളികളിലെ ബാങ്ക് വിളിക്കെതിരെ ഹരജി സമര്‍പ്പിച്ചത്. എന്നാല്‍ തനിക്ക് നേരെ വിവിധ വിഭാഗങ്ങളില്‍ നിന്നും ഭീഷണി ഉയരുന്നുണ്ടെന്നും അതിനാല്‍ ഹരജി പിന്‍വലിക്കുകയാണെന്നും ചൂണ്ടിക്കാട്ടി പ്രജാപതി കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ ബജ്‌റംഗ്ദള്‍ നേതാവായ ശക്തിസിന്‍ഹ് സാല എന്നയാള്‍ ഹരജി ഏറ്റെടുക്കുകയായിരുന്നു.
2022ലായിരുന്നു പ്രജാപതി ലൗഡ് സ്പീക്കറിലൂടെയുള്ള ബാങ്ക് വിളിക്കെതിരായ ഹരജി സമര്‍പ്പിച്ചത്. മുസ്‌ലിങ്ങള്‍ പള്ളികളില്‍ പോയി നമസ്‌കരിക്കുന്നതിനായി അഞ്ച് നേരം ബാങ്ക് വിളിക്കുന്നത് പള്ളിയുടെ സമീപവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.
2020ല്‍ ബാങ്ക് വിളി ഇസ്‌ലാമിക നിയമപ്രകാരം നിര്‍ബന്ധമുള്ളതാണെന്നും എന്നാല്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നത് മതാചാര പ്രകാരം നിര്‍ബന്ധമുള്ളതല്ലെന്നും അലഹബാദ് ഹൈക്കോടതി
പറഞ്ഞിരുന്നു. ഈ വിധിയും ഹരജിക്കാര്‍ പരാമര്‍ശിച്ചിരുന്നു.
എന്നാല്‍ ഭീഷണികള്‍ ചൂണ്ടിക്കാട്ടി പ്രജാപതി ഹരജി പിന്‍വലിക്കാന്‍ അപേക്ഷിച്ചതിന് പിന്നാലെയാണ് സാല ഹരജി ഏറ്റെടുക്കുന്നത്. ഇതോടെയാണ് കോടതി സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് തേടിയതെന്ന് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നു.
Content Highlight: Gujarat highcourt seeks reply from gujarat government in PIL seeking for ban of azaan in loudspeaker