| Wednesday, 28th September 2022, 8:14 pm

ആര്‍.ബി. ശ്രീകുമാറിന് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി; വ്യാഴാഴ്ച ജയില്‍ മോചിതനായേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ഗുജറാത്ത് കലാപത്തില്‍ വ്യാജരേഖകല്‍ ചമച്ചെന്ന് ചൂണ്ടിക്കാട്ടി അറസ്റ്റിലായ മുന്‍ ഗുജറാത്ത് ഡി.ജി.പി ആര്‍.ബി. ശ്രീകുമാറിന് ഇടക്കാല ജാമ്യം അനുവദിച്ച് ഗുജറാത്ത് ഹൈക്കോടതി. കേസ് പരിഗണിക്കുന്ന നവംബര്‍ 15വരെയാണ് ജാമ്യം.

ജസ്റ്റിസ് ഇലേഷ് വോറ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. ജാമ്യവ്യവസ്ഥകള്‍ തീരുമാനിക്കാന്‍ അഹമ്മദാബാദ് സെഷന്‍സ് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേസില്‍ സ്ഥിരജാമ്യത്തിന് അപേക്ഷിക്കാന്‍ കോടതി ശ്രീകുമരിന് അനുമതി നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ചയോടെ ജയില്‍ മോചിതനായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

പതിനായിരം രൂപയുടെ വ്യക്തിഗത ബോണ്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം. പാസ്‌പോര്‍ട്ട് ഹാജരാക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ജാമ്യകാലാവധി തീരുന്ന ദിവസം ജയില്‍ അധികൃതര്‍ക്ക് മുമ്പില്‍ എത്തണമെന്നും കോടതി നിര്‍ദേശിച്ചു.

വൈ.എന്‍. രാവണി, കല്‍പേഷ് ശാസ്ത്രി എന്നിവരാണ് ശ്രീകുമാറിന് വേണ്ടി കോടതിയില്‍ഹാജരായത്.

ജൂണ്‍ 25നായിരുന്നു ശ്രീകുമാറിനെ ഗുജറാത്ത് കലാപത്തില്‍ വ്യാജ രേഖകള്‍ ചമച്ചെന്ന് കാണിച്ച് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തോടൊപ്പം മാധ്യമപ്രവര്‍ത്തകയായ ടീസ്ത സെതല്‍വാദ്, മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. ടീസ്ത സെതല്‍വാദിന് സുപ്രീം കോടതി നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

Content Highlight: Gujarat Highcourt granded bail for RB sreekumar in gujarat riot case

We use cookies to give you the best possible experience. Learn more