അഹമ്മദാബാദ്: സ്പോട്ട് രജിസ്‌ട്രേഷന്‍ ലഭിക്കുന്ന ഗുണഭോക്താക്കള്‍ക്കായി കൊവിഡ് -19 വാക്സിനുകളുടെ കുറച്ച് ശതമാനം മാറ്റിവെക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതി ബുധനാഴ്ച സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ പക്കലുള്ള കൊവിഡ് വാക്സിനുകളില്‍ 10 ശതമാനം മുതല്‍ 20 ശതമാനം വരെ നീക്കിവയ്ക്കാന്‍ സര്‍ക്കാരിന് ആകുമോ എന്നാണ് കോടതി ചോദിച്ചത്.
‘100ല്‍, നിങ്ങള്‍ക്ക് 10 അല്ലെങ്കില്‍ 20 ശതമാനം സ്‌പോട്ട് രജിസ്‌ട്രേഷനായി സൂക്ഷിക്കാന്‍ കഴിയുന്നില്ലേ? ഇന്നത്തേക്ക് നിങ്ങള്‍ക്ക് 100 വകയിരുത്തിയിട്ടുണ്ടെന്ന് കരുതുക, നിങ്ങള്‍ക്ക് 80 ശതമാനം ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാം, ബാക്കി 20 എണ്ണം സ്‌പോട്ട് രജിസ്‌ട്രേഷനായി മാറ്റിവെക്കാം, ” കോടതി സര്‍ക്കാരിനോട് പറഞ്ഞു.
വാക്‌സിന്‍ വിതരണത്തിന് സര്‍ക്കാര്‍ പഞ്ചവത്സര പദ്ധതിയാണോ ഉദ്ദേശിക്കുന്നതെന്നും കോടതി ചോദിച്ചു. ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയിട്ട് എന്തുകൊണ്ടാണ് രണ്ടാമത്തെ ഡോസ് നല്‍കാന്‍ ഇത്ര സമയമെടുക്കുന്നതെന്നും കോടതി ചോദിച്ചു.