മോദിയുടെ ബിരുദം; മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന കെജ്‌രിവാളിന്റെ ആവശ്യം തള്ളി ഗുജറാത്ത് ഹൈകോടതി
India
മോദിയുടെ ബിരുദം; മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന കെജ്‌രിവാളിന്റെ ആവശ്യം തള്ളി ഗുജറാത്ത് ഹൈകോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th February 2024, 4:42 pm

ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പരാമര്‍ശത്തില്‍ ഫയല്‍ ചെയ്ത മാനനഷ്ടക്കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹരജി തള്ളി ഗുജറാത്ത് ഹൈകോടതി. ബിരുദത്തിന്റെ പേരില്‍ അരവിന്ദ് കെജ്‌രിവാളും ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാംഗമായ സഞ്ജയ് സിങ്ങും ഗുജറാത്ത് സര്‍വകലാശാലയെ അപമാനിച്ചെന്നാണ് പരാതി.

അപേക്ഷ നിരസിച്ച കോടതി ഇരുവരുടെയും വാദങ്ങള്‍ വിചാരണ കോടതിയെ ബോധ്യപ്പെടുത്താനും നിര്‍ദേശം നല്‍കി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 15നാണ് കോടതി നേതാക്കള്‍ക്ക് സമന്‍സ് അയച്ചത്.

പ്രധാനന്ത്രിയുടെ ബിരുദവുമായി ബന്ധപ്പെട്ട് ഇരു നേതാക്കളും പരിഹാസപരവും, അപമാനകരവുമായ പ്രസ്താവന നടത്തിയെന്ന് ഗുജറാത്ത് സര്‍വകലാശാല മാനനഷ്ടക്കേസില്‍ ആരോപിച്ചു. ആദ്യ ഘട്ടത്തില്‍ സമന്‍സ് ചോദ്യം ചെയ്ത് ഇരു നേതാക്കളും സെഷന്‍സ് കോടതിയില്‍ റിവിഷന്‍ ഹരജി നല്‍കിയെങ്കിലും കോടതി സമന്‍സ് ശരിവെക്കുകയായിരുന്നു.

ഇതിന് പിന്നാലെയാണ് അവര്‍ ഗുജറാത്ത് ഹൈകോടതിയെ സമീപിച്ചത്. പുതിയ ബെഞ്ചിനെ കേസ് ഏല്‍പ്പിച്ച് പത്ത് ദിവസത്തിനകം വാദം പൂര്‍ത്തിയാക്കണമെന്ന് ഹൈകോടതി സെഷന്‍സ് കോടതിയോട് നിര്‍ദേശിച്ചു.

ഗുജറാത്ത് സര്‍വകലാശാല രജിസ്റ്റാറാണ് എ.എ.പി നേതാക്കള്‍ക്കെതിരെ പരാതി നല്‍കിയത്. മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരവും സര്‍വകലാശാലയുടെ അന്തസ്സ് വ്രണപ്പെടുത്തുന്നതുമാണെന്ന് പരാതിക്കാരന്‍ പറഞ്ഞു.

മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ കെജ്‌രിവാളിന് സമര്‍പ്പിക്കാന്‍ 2016 ഏപ്രിലില്‍ കേന്ദ്ര വിവരാവകാശ കമീഷന്‍ ദല്‍ഹി സര്‍വകലാശാലക്കും ഗുജറാത്ത് സര്‍വകലാശാലക്കും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതിനെതിരെ ഗുജറാത്ത് സര്‍വകലാശാല ഹൈകോടതിയെ സമീപിക്കുകയും കോടതി ഉത്തരവ് റദ്ദാക്കുകയും ചെയ്തു.

Contant Highlight: Gujarat High Court Setback For Arvind Kejriwal In PM Modi Degree Case