| Sunday, 24th May 2020, 2:23 pm

'ഇതിനേക്കാള്‍ നല്ലത് കാരാഗ്രഹമാണ്'; ഗുജറാത്തിലെ കൊവിഡ് ആശുപത്രിക്കെതിരെ ഹൈക്കോടതി, വിജയ് രൂപാണി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: അഹമ്മദാബാദില്‍ കൊവിഡ് രോഗികളെ ചികിത്സിക്കുന്ന സിവില്‍ ആശുപത്രിക്കെതിരെ ഗുജറാത്ത് ഹൈക്കോടതി. ആശുപത്രിയുടെ അവസ്ഥ പരിതാപകരമാണെന്ന് നിരീക്ഷിച്ച കോടതി കാരാഗ്രഹങ്ങള്‍ ആശുപത്രിയേക്കാള്‍ മെച്ചമാണെന്നും സ്ഥിതി ഇപ്പോഴുള്ളതിനേക്കാള്‍ മോശമായേക്കാമെന്നും പറഞ്ഞു.

ആശുപത്രിയുടെ ശോചനീയാവസ്ഥ വ്യക്തമാക്കിയുള്ള പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, ഐ.ജെ വോറ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിഷയത്തില്‍ സര്‍ക്കാരിനെതിരെയും വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രിയുടെ അവസ്ഥ സങ്കടവും വേദനയും ഉണ്ടാക്കുന്നതാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

‘ആശുപത്രിയുടെ പരിതാപകരമായ അവസ്ഥ വളരെ സങ്കടവും വേദനയും ഉണ്ടാക്കുന്നതാണ്. ആശുപത്രിയുടെ ദയനീയാവസ്ഥയില്‍ ജനങ്ങളോട് ക്ഷമ ചോദിക്കുകയാണ്’, കോടതി അറിയിച്ചു.

ആശുപത്രി കൊവിഡ് ചികിത്സയ്ക്ക് പര്യാപ്തമാണ് എന്നായിരുന്നു കോടതി നേരത്തെ അറിയിച്ചിരുന്നത്. പക്ഷേ, ഇപ്പോള്‍ അതിനേക്കാള്‍ മെച്ചം കാരാഗ്രഹമാണെന്നാണ് ബോധ്യപ്പെടുന്നത്. ഇത് ഇനിയും കൂടുതല്‍ മോശം അവസ്ഥയിലേക്കാണ് നീങ്ങുക. ദൗര്‍ഭാഗ്യവശാല്‍, ദരിദ്രരും നിസഹായരുമായ ജനങ്ങള്‍ക്ക് മുന്നില്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ല’, കോടതി വിലയിരുത്തി.

വെന്റിലേറ്ററുകളുടെ കുറവ് മൂലം മരണസംഖ്യ ഉയരുന്നതില്‍ സര്‍ക്കാര്‍ എന്തുകൊണ്ട് അജ്ഞത പുലര്‍ത്തുന്നത്? സിവില്‍ ആശുപത്രിയുടെ അവസ്ഥയെക്കുറിച്ച് ആരോഗ്യ മന്ത്രാലയത്തിന് അറിവുകളുണ്ടായിട്ടും എന്ത് പദ്ധതികളാണ് കൈക്കൊണ്ടതെന്നും കോടതി ചോദിച്ചു.

‘സിവില്‍ ആശുപത്രിയിലെ കാാര്യങ്ങളെക്കുറിച്ച് നിരീക്ഷിക്കാനും വിലയിരുത്താനും ആരോഗ്യമന്ത്രി എത്ര തവണ എത്തി? രോഗികള്‍, ഡോക്ടര്‍മാര്‍, നഴ്‌സിങ് സ്റ്റാഫ്, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍, ജീവനക്കാര്‍ എന്നിവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നത്തെക്കുറിച്ച് ഗുജറാത്ത് ആരോഗ്യമന്ത്രിക്ക് എന്തെങ്കിലും ധാരണയുണ്ടോ? ആരോഗ്യമന്ത്രാലം മെഡിക്കല്‍ ഓഫീസര്‍മാരുമായും സ്റ്റാഫ് അംഗങ്ങളുമായും എത്രതവണ വ്യക്തിപരിമായ ആശയ വിനിമയം നടത്തിയിട്ടുണ്ട്?’, കോടതി ചോദിച്ചു.

വെള്ളിയാഴ്ച വരെ അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ 377 കൊവിഡ് രോഗികളെയാണ് അഡ്മിറ്റ് ചെയ്തിട്ടുള്ളത്. ശനിയാഴ്ചമാത്രം 396 പുതിയ കേസുകളാണ് ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 13,669 ആയിരിക്കുകയാണ്. അഹമ്മദാബാദില്‍ മാത്രം 669 രോഗികള്‍ ഇതിനോടകം മരിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more