| Saturday, 24th February 2024, 4:56 pm

ബില്‍ക്കിസ് ബാനു കേസില്‍ ഇത് രണ്ടാം തവണ; പ്രതിക്ക് പരോള്‍ അനുവദിച്ച് ഗുജറാത്ത് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ബില്‍ക്കിസ് ബാനു കേസിലെ മറ്റൊരു പ്രതിക്ക് കൂടി പരോള്‍ അനുവദിച്ച് ഗുജറാത്ത് ഹൈക്കോടതി. പ്രതിയായ രമേശ് ചന്ദാനയ്ക്കാണ് കോടതി ഇപ്പോള്‍ പരോള്‍ അനുവദിച്ചിട്ടുള്ളത്.

അനന്തരവളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി പത്ത് ദിവസത്തെ പരോളാണ് ഗുജറാത്ത് ഹൈക്കോടതി രമേശിന് അനുവദിച്ചത്. കഴിഞ്ഞ ആഴ്ച്ചയാണ് പരോളിനായുള്ള അപേക്ഷ രമേശ് നല്‍കിയത്. പ്രതിക്ക് പരോള്‍ നല്‍കുന്നതില്‍ കോടതിയുടെ ഭാഗത്ത് നിന്ന് എതിര്‍പ്പുകളൊന്നും ഉണ്ടായില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അയ്യായിരം രൂപയുടെ ജാമ്യബോണ്ടിന്റെ അടിസ്ഥാനത്തിലാണ് രമേശിന് ജാമ്യം നല്‍കിയത്. പരോള്‍ കാലാവധി കഴിഞ്ഞാല്‍ കൃത്യസമയത്ത് ജയിലില്‍ കീഴടങ്ങണമെന്ന് ജസ്റ്റിസ് ദിവ്യേഷ് എ. ജോഷിയുടെ ബഞ്ച് പറയുകയും ചെയ്തു.

നിലവില്‍ രണ്ടാമത്തെ തവണയാണ് ബില്‍ക്കിസ് ബാനു കേസിലെ പ്രതികള്‍ക്ക് കോടതി പരോള്‍ നല്‍കുന്നത്. ഭാര്യാ പിതാവിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി പ്രതിയായ പ്രദീപ് മോധിയക്കാണ് കോടതി ആദ്യം പരോള്‍ അനുവദിക്കുന്നത്.

സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് ജനുവരി 21ന് രമേശ് ചന്ദാന, പ്രദീപ് മോധിയ അടക്കമുള്ള ബില്‍ക്കിസ് ബാനു കേസിലെ പ്രതികള്‍ ജയിലില്‍ കീഴടങ്ങുന്നത്.

ബില്‍ക്കിസ് ബാനു കേസിലെ സുപ്രീം കോടതി വിധി വളരെ നിര്‍ണായകമായിരുന്നു. പ്രതികളുടെ ശിക്ഷാ ഇളവ് റദ്ദാക്കിക്കൊണ്ട് പ്രതികളെ വിട്ടയക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അധികാരമില്ലെന്ന് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചിരുന്നു.

പ്രതികളെ കുറ്റവിമുക്തരാക്കിയതില്‍ ബില്‍കീസ് ബാനുവിന് പുറമെ മുന്‍ എം.പി മഹുവ മൊയ്ത്ര, സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി എന്നിവരും ഹരജി നല്‍കിയിരുന്നു.

2002ലെ ഗുജറാത്ത് കലാപത്തിനിടയില്‍ ഗര്‍ഭിണിയായ ബില്‍ക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്ത് പ്രതികള്‍ കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയിരുന്നു.

Content Highlight: Gujarat High Court granted parole to another accused in Bilkis Banu case

We use cookies to give you the best possible experience. Learn more