അഹമ്മദാബാദ്: ഗോദ്ര കൂട്ടക്കൊലക്കേസില്‍ 11 പേരുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ച ഗുജറാത്ത് ഹൈക്കോടതി. കേസില്‍ എസ്.ഐ.ടി കോടതി വിധിയ്‌ക്കെതിരെ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി വിധി.
11 പേര്‍ക്ക് വധശിക്ഷയും 20 പേര്‍ക്ക് ജീവപര്യന്തവുമാണ് എസ്.ഐ.ടി കോടതി വിധിച്ചത്. കൂടാതെ 63 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു.
63 പേരെ വെറുതെ വിട്ടതും 20 പേരുടെ ജീവപര്യന്തം ശിക്ഷയും ശരിവെച്ച കോടതി മതിയായ തെളിവില്ലെന്നു പറഞ്ഞാണ് 11 പേരുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചത്.
അതേസമയം ഗോധ്ര സംഭവത്തിനുശേഷവും അതിനുശേഷമുണ്ടായ കലാപങ്ങളിലും ഗുജറാത്ത് സര്‍ക്കാറിന്റെ ഇടപെടലിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. ക്രമസമാധാന പാലനത്തില്‍ ഈ കാലയളവില്‍ ഗുജറാത്ത് സര്‍ക്കാര്‍ പൂര്‍ണപരാജയമായിരുന്നെന്നായിരുന്നു കോടതിയുടെ വിമര്‍ശനം.
ഗോദ്ര സംഭവത്തില്‍ കൊല്ലപ്പെട്ട 59 പേരുടെ കുടുംബത്തിന് ഗുജറാത്ത് സര്‍ക്കാര്‍ 10ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
2002 ഫെബ്രുവരിയിലാണ് ഗോദ്ര സ്‌റ്റേഷനില്‍വെച്ച് സബര്‍മതി എക്‌സ്പ്രസിന്റെ ബോഗിക്ക് തീവെച്ചത്. സംഭവത്തില്‍ 59 പേര്‍ കൊല്ലപ്പെട്ടിരുന്നു. അയോധ്യയില്‍ നിന്നും തിരിച്ചുവരികയായിരുന്ന കര്‍സേവകരായിരുന്നു കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും.