ഗാന്ധിനഗര്‍: ഗുജറാത്തിലെ ഗെയിമിങ് സെന്ററില്‍ 32 പേര്‍ മരിച്ച തീപിടിത്തത്തില്‍ സ്വമേധയാ കേസെടുത്ത് ഗുജറാത്ത് ഹൈക്കോടതി. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ഗെയിമിങ് സെന്ററുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതെന്ന് ഹൈക്കോടതി ചോദിച്ചു.
ജസ്റ്റിസുമാരായ ബിരേന്‍ വൈഷ്ണവ്, ദേവന്‍ ദേശായി എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് വിഷയത്തില്‍ ഇടപെട്ടത്. സംസ്ഥാന സര്‍ക്കാരും മുനിസിപ്പല്‍ കോര്‍പറേഷനും അപകടത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി അറിയിച്ചു.
അപകടം ഞെട്ടിപ്പിച്ചെന്നും ഇത് മനുഷ്യനിര്‍മിത ദുരന്തമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വേണ്ട അനുമതികളൊന്നും ലഭിക്കാതെയാണ് ഗെയിമിങ് സെന്റര്‍ പ്രവര്‍ത്തിച്ചത്. ഫയര്‍ എന്‍.ഒ.സി ഉള്‍പ്പടെ ഗെയിമിങ് സെന്ററിന് ലഭിച്ചിരുന്നില്ല എന്നാണ് വിവരം. രാജ്‌കോട്ടിന് പുറമെ സിന്ധുഭവന്‍ റോഡിലും എസ്.പി റിംഗ് റോഡിലും പൊതു സുരക്ഷക്ക് ഭീഷണി ഉയര്‍ത്തുന്ന ഇത്തരം ഗെയിമിങ് സെന്ററുകള്‍ ഉയര്‍ന്ന് വന്നിട്ടുണ്ടെന്ന് കോടതിയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടന്നെും ബെഞ്ച് ചൂണ്ടിക്കാട്ടി.
സ്വമേധയാ കേസെടുത്ത് പൊതുതാത്പര്യ ഹരജിയായി രജിസ്റ്റര്‍ ചെയ്യാന്‍ രജിസ്ട്രാര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. കൂടുതല്‍ വാദം കേള്‍ക്കുന്നതിന് വേണ്ടി കേസ് മെയ് 27ലേക്ക് ഹൈക്കോടതി മാറ്റി. നിയമപ്രകാരമാണോ ഗെയിമിങ് സെന്റര്‍ പ്രവര്‍ത്തിച്ചതെന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി അറിയിച്ചു.
വന്‍ സുരക്ഷാ വീഴ്ചയെ തുടര്‍ന്നാണ് തീപിടിത്തം ഉണ്ടായതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കാര്‍ റേസിങ്ങിനായി 2000 ലിറ്റര്‍ പെട്രോള്‍ സൂക്ഷിച്ചത് അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്നും അധികൃതര്‍ പറഞ്ഞു.
സംഭവത്തില്‍ ഗെയിമിങ് സെന്ററിന്റെ ഉടമയെയും മാനേജറെയും പൊലീസ് കസ്റ്റഡിയിലാണ്. അവധി ദിവസം ആയതിനാല്‍ 70ലേറെ പേര്‍ അപകടം നടക്കുമ്പോള്‍ സ്ഥലത്ത് ഉണ്ടായിരുന്നു. എ.സിയില്‍ നിന്നുണ്ടായ ഷോര്‍ട്ട്‌സെര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Content Highlight: Gujarat HC takes suo motu cognisance of Rajkot gaming zone fire