അഹമ്മദാബാദ്: ഗുജറാത്തില്‍ ജഗന്നാഥ ക്ഷേത്രത്തില്‍ രഥയാത്രയ്ക്ക് അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി. അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ അടക്കം നല്‍കിയ ഹരജി ഹൈക്കോടതി നിരസിച്ചു.
തിങ്കളാഴ്ച അര്‍ധരാത്രി നീണ്ട വാദങ്ങള്‍ക്ക് ശേഷമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് രഥയാത്രയ്ക്ക് അനുമതി നിഷേധിച്ചത്.
‘രഥയാത്ര നടന്നില്ലെന്ന് വെച്ച് വിശ്വാസം ദുര്‍ബലമാകില്ല. ജനങ്ങളില്ലാതെ യാത്ര നടത്തിയിട്ട് എന്താണ് കാര്യം. അനുമതി നല്‍കാനാവില്ല’, ചീഫ് ജസ്റ്റിസ് വിക്രം നാഥും ജസ്റ്റിസ് ജെ.ബി പര്‍ഡിവാലയും പറഞ്ഞു.
അതേസമയം ക്ഷേത്രത്തിനുള്ളില്‍ വെച്ച് 10 പേരെ മാത്രം പങ്കെടുപ്പിച്ച് രഥയാത്ര നടത്താമെന്ന് കോടതി അറിയിച്ചു. ഇവര്‍ക്ക് ആവശ്യമായ പരിശോധനകള്‍ നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.
നേരത്തെ തന്നെ ഹൈക്കോടതി രഥയാത്ര വിലക്കിയിരുന്നു. എന്നാല്‍ തിങ്കളാഴ്ച സുപ്രീംകോടതി ഒഡിഷയില്‍ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര ഉപാധികളോടെ അനുവദിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി അനുമതി തേടി അഡ്വക്കേറ്റ് ജനറല്‍ മുഖാന്തരം ഹൈക്കോടതിയുമായി ബന്ധപ്പെട്ടത്. എന്നാല്‍ പുരിയേയും അഹമ്മദാബാദിനേയും താരമതമ്യം ചെയ്യരുതെന്നായിരുന്നു ഹൈക്കോടതിയുടെ മറുപടി.
പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്ക് സുപ്രീംകോടതി നിയന്ത്രണങ്ങളോടെയാണ് അനുമതി നല്‍കിയത്. കൊവിഡ് ആരോഗ്യനിര്‍ദേശങ്ങളില്‍ വീഴ്ച വരുത്താതെയായിരിക്കണം ആചാരം നടപ്പാക്കേണ്ടത്. അതുസംബന്ധിച്ച സമയോചിതമായ തീരുമാനമെടുക്കാന്‍ സംസ്ഥാനത്തിനും കേന്ദ്രത്തിനും ക്ഷേത്ര ഭാരവാഹികള്‍ക്കും സുപ്രിംകോടതി അധികാരം നല്‍കി.
രഥയാത്രയ്ക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരും ഒഡീഷ സര്‍ക്കാരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. രഥയാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തിയ ജൂണ്‍ 18ലെ വിധി പുനപ്പരിശോധിക്കണമെന്നായിരുന്നു ആവശ്യം.
സാധാരണ വര്‍ഷാവര്‍ഷം നടക്കുന്ന രഥയാത്രയില്‍ 10 ലക്ഷം പേരാണ് പങ്കെടുക്കുക. ഒഡീഷയിലെ എന്‍.ജി.ഒ ആയ ഒഡീഷ വികാസ് പരിഷത്ത് ആണ് കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ രഥയാത്ര വിലക്കണമെന്ന ആവശ്യവുമായി സുപ്രിംകോടതിയെ സമീപിച്ചത്. മാസങ്ങളായി രാജ്യത്ത് ലോക്ക് ഡൗണ്‍ നിലവിലുണ്ടെന്നും ഈ സാഹചര്യത്തില്‍ രഥയാത്ര അനുവദിക്കരുതെന്നുമായിരുന്നു ആവശ്യം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക