അഹമ്മദാബാദ്: ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ പൊതുസ്ഥലങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിനെ വിമര്‍ശിച്ച് ഗുജറാത്ത് ഹൈക്കോടതി. ഗുജറാത്തിലെ കച്ച് ജില്ലയിലെ കോളേജ് ഹോസ്റ്റലില്‍ ആര്‍ത്തവ ദിനമല്ലെന്ന് തെളിയിക്കാന്‍ അധികൃതര്‍ പെണ്‍കുട്ടികളെ വസ്ത്രമഴിച്ച് പരിശോധിച്ച കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം.
ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ആരാധനാലയങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തുന്നത് നിരോധിക്കണമെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് ജെ. ബി. പാര്‍ത്ഥിവാല, ജസ്റ്റിസ് ഇലേഷ് ജെ. വോറ എന്നിവരുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഈ ഉത്തരവിട്ടത്. ആര്‍ത്തവത്തിന്റെ പേരില്‍ അശുദ്ധി കല്‍പ്പിക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും കോടതി നിരീക്ഷിച്ചു.
2020 ഫെബ്രുവരിയിലാണ് ഗുജറാത്തിലെ വനിതാ കോളജില്‍ വിദ്യാര്‍ത്ഥിനികളെ അധികൃതര്‍ നിര്‍ബന്ധിത ആര്‍ത്തവ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഭുജിലെ ശ്രീ സഹജാനന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് വിദ്യാര്‍ത്ഥിനികളെ കോളെജ് അധികൃതര്‍ അടിവസ്ത്രം അഴിച്ച് പരിശോധന നടത്തിയത്.
കോളജ് ഹോസ്റ്റലില്‍ താമസിക്കുന്ന 68 പെണ്‍കുട്ടികള്‍ക്കെതിരെയാണ് പ്രിന്‍സിപ്പലും സംഘവും ഈ നടപടി നടത്തിയത്. പരിശോധനയുടെ ഭാഗമായി പ്രിന്‍സിപ്പലിന്റെ നേതൃത്വത്തിലുള്ള ജീവനക്കാര്‍ വിദ്യാര്‍ത്ഥിനികളെ വരിയ്ക്ക് നിര്‍ത്തിച്ച് പെണ്‍കുട്ടികള്‍ ആര്‍ത്തവ കാലത്തിലല്ലെന്ന് തെളിയിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.
ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍ ആര്‍ത്തവ സമയത്ത് ഹോസ്റ്റല്‍ അടുക്കളയില്‍ കയറുന്നു, ക്ഷേത്രത്തിന് സമീപത്തേക്ക് പോകുന്നു, പുറത്തിറങ്ങി മറ്റുള്ളവരുമായി ഇടപഴകുന്നു തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് പരിശോധന നടത്തിയത്.