| Monday, 24th June 2019, 3:01 pm

രാജിവെച്ചിട്ടും അല്‍പേഷ് താക്കൂര്‍ എം.എല്‍.എയായി തുടരുന്നു; കോണ്‍ഗ്രസിന്റെ പരാതിയില്‍ ഗുജറാത്ത് സ്പീക്കര്‍ക്ക് ഹൈക്കോടതി നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുകയും പാര്‍ട്ടിയിലുണ്ടായിരിക്കെ വഹിച്ച എല്ലാ പദവികളും ഒഴിയുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത അല്‍പേഷ് താക്കൂര്‍ എം.എല്‍.എയായി തുടരുന്നതില്‍ കോണ്‍ഗ്രസിന്റെ പരാതി. കോണ്‍ഗ്രസ് നേതാവായ അശ്വിന്‍ കോട്‌വാളാണ് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്.

കോണ്‍ഗ്രസിന്റെ പരാതിയില്‍ താക്കൂറിന് അയോഗ്യത കല്‍പ്പിക്കാത്തതില്‍ വിശദീകരണം ആവശ്യപ്പെട്ടു കൊണ്ട് ഗുജറാത്ത് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ഗുജറാത്ത് അസംബ്ലി സ്പീക്കര്‍ രാജേന്ദ്ര ത്രിവേദിയ്ക്കും താക്കൂറിനും നോട്ടീസയച്ചിരിക്കുകയാണ്.

കോണ്‍ഗ്രസ് ടിക്കറ്റിലാണ് അല്‍പേഷ് രാധന്‍പൂര്‍ മണ്ഡലത്തില്‍ നിന്നും എം.എല്‍.എയായത്. ഏപ്രിലില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ രാജി പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസില്‍ നിന്നുള്ള എല്ലാ പദവികളും രാജിവെക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

അല്‍പേഷ് പാര്‍ട്ടി വിട്ടതിന് പിന്നാലെ എം.എല്‍.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നിയമസഭാ സെക്രട്ടറി ഡി.എം പട്ടേലിന് മെമ്മോറാണ്ടം നല്‍കിയിരുന്നു.

We use cookies to give you the best possible experience. Learn more