മിശ്രവിവാഹത്തില്‍ ചുമത്തിയ കേസ് എന്തുകൊണ്ട് റദ്ദുചെയ്യുന്നില്ലെന്ന് വ്യക്തമാക്കണം; ഗുജറാത്ത് സര്‍ക്കാരിനോട് ഹൈക്കോടതി
national news
മിശ്രവിവാഹത്തില്‍ ചുമത്തിയ കേസ് എന്തുകൊണ്ട് റദ്ദുചെയ്യുന്നില്ലെന്ന് വ്യക്തമാക്കണം; ഗുജറാത്ത് സര്‍ക്കാരിനോട് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th September 2021, 11:43 am

ഗാന്ധിനഗര്‍: മിശ്രവിവിവാഹത്തില്‍ ഗുജറാത്ത് സര്‍ക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി.

എന്തുകൊണ്ടാണ് മിശ്രവിവാഹത്തില്‍ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസ് തള്ളിക്കളയാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതെന്ന് കോടതി ചോദിച്ചു.

മത സ്വാതന്ത്ര്യ ഭേദഗതി നിയമപ്രകാരം ഭര്‍ത്താവിനെതിരെ ചുമത്തിയ ക്രിമിനല്‍ കേസ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി നല്‍കിയ ഹരജി കേള്‍ക്കുകയായിരുന്നു കോടതി.

യുവതിയെ നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിച്ച് മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും കല്യാണം നടത്തിയ പുരോഹിതന്മാര്‍ക്കും എതിരെ കേസെടുത്തിട്ടുണ്ട്.

ഇതിന് പിന്നാലെയാണ് യുവതി കോടതിയില്‍ എത്തിയത്. തനിക്ക് ഭര്‍ത്താവിന്റെ കൂടെ ജീവിക്കണമെന്നും കേസ് റദ്ദ് ചെയ്യണമെന്നും യുവതി ആവശ്യപ്പെട്ടു.

ബലപ്രയോഗത്തിലൂടെയോ വഞ്ചനാപരമായ മാര്‍ഗങ്ങളിലൂടെയോ അല്ലാതെ നടക്കുന്ന മിശ്രവിവാഹങ്ങള്‍ക്ക് ഗുജറാത്ത് മത സ്വാതന്ത്ര്യ (ഭേദഗതി) നിയമം, 2021 ലെ വ്യവസ്ഥകള്‍ ബാധകമല്ലെന്ന് ഗുജറാത്ത് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

ബലപ്രയോഗമോ പ്രലോഭനമോ വഞ്ചനാപരമായ മാര്‍ഗങ്ങളോ ഇല്ലാതെ ഒരു മതത്തില്‍പ്പെട്ട വ്യക്തിയെ മറ്റൊരു മതത്തില്‍പ്പെട്ട വ്യക്തി വിവാഹം കഴിക്കുകയാണെങ്കില്‍ അത്തരം വിവാഹങ്ങളെ നിയമവിരുദ്ധമായ മതപരിവര്‍ത്തനത്തിനുള്ള വിവാഹങ്ങള്‍ എന്ന് വിളിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

 

 

Content Highlights: Gujarat HC Asks State to Explain its Objections in Interfaith Marriage Case