അഹമ്മദാബാദ്: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് ഏറ്റവുമധികം പൊലീസ് കസ്റ്റഡി മരണങ്ങള്‍ നടന്നത് ഗുജറാത്തിലെന്ന് റിപ്പോര്‍ട്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റില്‍ അവതരിപ്പിച്ച നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്റെ (NHRC) റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഗുജറാത്തില്‍ 80 കസ്റ്റഡി മരണങ്ങളാണ് നടന്നിട്ടുള്ളത്.
2017-18 കാലയളവില്‍ 14 പേര്‍, 2018-19 കാലയളവില്‍ 13 പേര്‍, 2019-20 വര്‍ഷങ്ങളില്‍ 12, 2021-22 വര്‍ഷങ്ങളില്‍ 24 എന്നിങ്ങനെയാണ് സംസ്ഥാനത്തെ കസ്റ്റഡി മരണങ്ങളുടെ എണ്ണം.
സംസ്ഥാനത്തെ ജയിലിലെ തടവുകാരുടെ ജീവിതം വളരെ ശോചനീയമാണെന്നാണ് പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. 13,999 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഗുജറാത്തിലെ ജയിലുകളില്‍ നിലവില്‍ 16,597 തടവുകാരാണുള്ളത്.
കോണ്‍ഗ്രസ് എം.പി അബ്ദുള്‍ ഖലേഖിന്റെ ചോദ്യങ്ങള്‍ക്ക് ലോക്‌സഭയില്‍ മറുപടി നല്‍കവെയാണ് കേന്ദ്ര ആഭ്യന്തരകാര്യ മന്ത്രാലയം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഗുജറാത്തില്‍ ആകെ 745 പൊലീസ് സ്റ്റേഷനുകളാണുള്ളത്. ഇതില്‍ 622 സ്റ്റേഷനുകളില്‍ മാത്രമേ ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളൂ. സംസ്ഥാന പൊലീസ് സേനയുടെ പരിഷ്‌കരണത്തിനായി കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നീക്കി വെച്ച 25.58 കോടി രൂപ കേന്ദ്രം ഇതുവരെയും നല്‍കിയിട്ടില്ല എന്ന് ലോക്‌സഭാ രേഖകള്‍ വ്യക്തമാക്കുന്നു.