ഛണ്ഡിഗഡ്: ചാണകവും ഗോമൂത്രവും കർഷകരുടെ സൗഭാഗ്യമാണെന്ന് ഗുജറാത്ത് ഗവർണർ ആചാര്യ ദേവ്രത്. ‘പ്രകൃതി കൃഷിയുടെ വശങ്ങൾ’ (Facets of Natural Farming) എന്ന വിഷയത്തിൽ സംസ്ഥാന ജുഡീഷ്യറിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു ഗവർണറുടെ പരാമർശം.
ഒരു ഗ്രാം ചാണകത്തിൽ 300 ബാക്റ്റീരിയകളുണ്ട്. ഗോമൂത്രം ധാതുക്കളുടെ കലവറയാണ്. ഇവ കൂട്ടിയോജിപ്പിച്ച മിശ്രിതത്തിലേക്ക് ശർക്കരയും പയറും ചേർക്കുന്നതിലൂടെ ഉത്തമമായ വളം കിട്ടുമെന്നും ഗവർണർ പറഞ്ഞു. പരമ്പരാഗത കൃഷി രീതികളെ വിമർശിച്ചു കൊണ്ടായിരുന്നു ഗോമൂത്രത്തെ പുകഴ്ത്തിയുള്ള ഗവർണറുടെ പരാമർശം.
” പ്രകൃതി കൃഷിക്ക് ഒരു പ്രത്യേക ജീവാമൃത കൂട്ടുണ്ട്. ഒരു പശു പ്രതിദിനം കുറഞ്ഞത് 8 കിലോ മുതൽ 10 കിലോഗ്രാം വരെ ചാണകവും അതേ അളവിൽ (ലിറ്ററിൽ) ഗോമൂത്രവും ഉത്പാദിപ്പിക്കുന്നുണ്ട്. ഒരു ദിവസം മുഴുവൻ ലഭിക്കുന്ന ചാണകവും ഗോമൂത്രവും ശേഖരിച്ച് 180 ലിറ്റർ വെള്ളമുള്ള ഒരു ഡ്രമ്മിൽ ചേർക്കുക. അതിനുശേഷം ഈ മിശ്രിതത്തിലേക്ക് കുറച്ച് ശർക്കരയും ഏതെങ്കിലും പയറിന്റെ മാവും ചേർക്കുക.
ശേഷം ഏതെങ്കിലും വലിയ മരത്തിന്റെ ചുവട്ടിൽ നിന്ന് ഒരു പിടി മണ്ണ് എടുത്ത് അതുകൂടി ചേർക്കുക. എന്നിട്ട് നന്നായി ഇളക്കി അഞ്ച് ദിവസമെങ്കിലും സൂക്ഷിക്കുക. ആറാം ദിവസം, നിങ്ങളുടെ വളം തയ്യാറാവും. ഇത് ഒരു ഏക്കർ ഭൂമിയിലേക്ക് വരെ എളുപ്പത്തിൽ ഈ വളം ഉപയോഗിക്കാം, ” ഗവർണർ പറയുന്നു.
ഈ കൃഷി രീതി ഒരുമാസം പരീക്ഷിച്ചാൽ 30 ഏക്കർ ഭൂമിയിലേക്കുള്ള വളം എളുപ്പത്തിൽ തയ്യാറാക്കാമെന്നും അദ്ദേഹം പറഞ്ഞു. യൂറിയ, മറ്റു കീടനാശിനികൾ എന്നിവയുടെ ഉപയോഗം അവസാനിപ്പിച്ച് പ്രകൃതിയിലേക്ക് ഇറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഇന്ന് കൃഷി ഭൂമികളിലെ ഫലഭൂയിഷ്ഠിത കുറഞ്ഞു. അതിന് കാരണം കെമിക്കലുകളാണ്. രാസവസ്തുക്കൾ കർഷകന്റെ ഉറ്റ സുഹൃത്തുക്കളായ മണ്ണിരകളെ കൊന്നൊടുക്കി. ഞാൻ പറഞ്ഞ തനത് വളം ഉപയോഗിച്ചാൽ മണ്ണിനടിയിൽ നിന്നും ഇനിയും മണ്ണിരകൾ എത്തും,” ആചാര്യ പറഞ്ഞു.
ചാണകം കൊണ്ടു നിർമിച്ച വീടുകൾക്ക് ന്യുക്ലിയർ കിരണങ്ങളിൽ നിന്ന് സുരക്ഷ ലഭിക്കുമെന്ന് ശാസ്ത്രം തെളിയിച്ചതായി താപി ജില്ലാ കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി സമീർ വിനോദ് ചന്ദ്ര വ്യാസ് മുൻപ് പറഞ്ഞിരുന്നു. പശുവിൽ നിന്നാണ് മതങ്ങൾ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.