| Tuesday, 28th March 2023, 8:54 am

വൈദ്യുതി വാങ്ങാന്‍ 20000, കോടി ചെലവാക്കി ഗുജറാത്ത് സര്‍ക്കാര്‍; നേട്ടം അദാനിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗാന്ധിനഗര്‍: വൈദ്യുതി വാങ്ങിയ ഇനത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഗുജറാത്ത് സര്‍ക്കാര്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയത് 20000, കോടി രൂപയെന്ന് വൈദ്യുതി മന്ത്രി കാനുഭായ് ദേശായ് പറഞ്ഞു. തിങ്കളാഴ്ച ചേര്‍ന്ന നിയമസഭ സമ്മേളനത്തില്‍ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍.

അദാനി പവര്‍ ലിമിറ്റഡ്, ടാറ്റാ പവര്‍, എസ്സാര്‍ ഗ്രൂപ്പ് എന്നീ സ്വകാര്യ കമ്പനികള്‍ക്കാണ് വൈദ്യുതിയിനത്തില്‍ കോടികള്‍ നല്‍കിയതെന്നും അദ്ദേഹം സഭയെ അറിയിച്ചതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 8160 കോടി രൂപയാണ് അദാനി പവറിന് വൈദ്യുതിയിനത്തില്‍ സര്‍ക്കാര്‍ നല്‍കിയത്. ടാറ്റാ ഗ്രൂപ്പിന്റെ കോസ്റ്റല്‍ ഗുജറാത്ത് പവറിന് ഇതേ കാലയളവില്‍ 8784 കോടി രൂപയും ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. 2021നെ അപേക്ഷിച്ച് യൂണിറ്റ് നിരക്കിനേക്കാള്‍ ഇരട്ടി പണം നല്‍കിയാണ് 2022ല്‍ വൈദ്യുതി വാങ്ങിയതെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്.

6000 യൂണിറ്റ് വൈദ്യുതിക്ക് ഏകദേശം 5400 കോടി രൂപയാണ് 2022ല്‍ സര്‍ക്കാര്‍ ചെലവാക്കിയത്. അതേസമയം 2021ല്‍ ഇതേ യൂണിറ്റിന് ചെലവായത് 2700 കോടി രൂപ മാത്രമാണ്.

ഇതേ രീതിയിലാണ് ടാറ്റ പവറില്‍ നിന്നും സര്‍ക്കാര്‍ വൈദ്യുതി വാങ്ങിയിരിക്കുന്നത്. 2021ല്‍ 7000 യൂണിറ്റിന് 2700 കോടി ചെലവ് വകയിരുത്തിയ സ്ഥലത്ത് 2022ല്‍ സര്‍ക്കാര്‍ 6000 കോടിയാണ് നല്‍കിയത്.

സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക് പ്രകാരം 2021 നെ അപേക്ഷിച്ച് യൂണിറ്റ് നിരക്കില്‍ വലിയ വര്‍ദ്ധനവാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായിട്ടുള്ളത്. 2021 ജനുവരിയില്‍ യൂണിറ്റൊന്നിന് 2.83 രൂപ നിരക്കിലാണ് അദാനി പവര്‍ വൈദ്യുതി നല്‍കിയിരുന്നത്. എന്നാല്‍ 2022ല്‍ ഇത് 8.83 രൂപയിലേക്കെത്തി.

ടാറ്റ പവര്‍ 1.80 രൂപ 2021ല്‍ ഒരു യൂണിറ്റിന് ചാര്‍ജ് ചെയ്തപ്പോള്‍ 2022 ഇത് 4.92 രൂപയായി ഉയര്‍ത്തി. സംസ്ഥാനത്തെ വൈദ്യുതി മേഖല സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തീറെഴുതി കൊടുക്കാനുള്ള ശ്രമങ്ങളാണ് ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്നതെന്ന പ്രതിപക്ഷ കക്ഷികളുടെ ആരോപണത്തിനിടയിലാണ് സര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍.

എന്നാല്‍ വര്‍ധിച്ച് വരുന്ന ഊര്‍ജ പ്രതിസന്ധി മറികടക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ സ്വകാര്യ കമ്പനികള്‍ക്ക് ടെന്‍ഡര്‍ നല്‍കിയതെന്ന് വൈദ്യുതി മന്ത്രി കാനുഭായ് ദേശായി സഭയില്‍ പറഞ്ഞു. ഗുജറാത്തിലെ ജനങ്ങള്‍ക്ക് മുടക്കില്ലാതെ വൈദ്യുതി ലഭ്യമാക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍കൈകൊള്ളുന്നതെന്നുംഅദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘2018ന് ശേഷം ഇറക്കുമതി ചെയ്യുന്ന കല്‍ക്കരി വിലയില്‍ വലിയ വര്‍ധനവാണുണ്ടായിട്ടുള്ളത്. ഇതാണ് വൈദ്യുതി നിരക്ക് വര്‍ധിക്കാന്‍ കാരണമായത്. ഗുജറാത്തിലെ ജനങ്ങള്‍ക്ക് മുടക്കില്ലാതെ വൈദ്യുതി നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. യഥാര്‍ത്ഥ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കാനുള്ള പുതിയ കരാറിന് സംസ്ഥാന സര്‍ക്കാര്‍ അദാനി പവറുമായി ധാരണയിലെത്തിയിട്ടുണ്ട്.

2021ല്‍ ഗ്യാസിനും കല്‍ക്കരിക്കും വീണ്ടും വിലകൂടിയതോടെയാണ് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ സ്വകാര്യ കമ്പനികളില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്,’ ദേശായ് പറഞ്ഞതായി പി.ടി.ഐയെ ഉദ്ധരിച്ച് സിയാസത് റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Gujarat government spend 20000 cr in electricity

We use cookies to give you the best possible experience. Learn more