ഗാന്ധിനഗര്‍: വിദ്യാര്‍ത്ഥികളുടെ കൈയില്‍ കെട്ടിയ രാഖി നിര്‍ബന്ധപൂര്‍വം അഴിപ്പിച്ച സ്‌കൂള്‍ അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ട് ഗുജറാത്ത് സര്‍ക്കാര്‍. രക്ഷാബന്ധന്‍ ദിനത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ ധരിച്ച രാഖികള്‍ ഗാന്ധിനഗറിലെ മൗണ്ട് കാര്‍ഡമല്‍ സ്‌കൂളധികൃതര്‍ അഴിച്ചുമാറ്റിച്ചുവെന്നാണ് പരാതി.
രക്ഷാബന്ധന്‍ ആഘോഷങ്ങളുടെ അടുത്ത ദിവസം രാഖി ധരിച്ചു സ്‌കൂളിലെത്തിയ അഞ്ചാം ക്ലാസ്സുകാരുടെ മാതാപിതാക്കളാണ്, അധ്യാപിക കത്രികയുപയോഗിച്ച് രാഖിച്ചരടുകള്‍ മുറിച്ചുമാറ്റിയതായി വിദ്യാഭ്യാസ വകുപ്പില്‍ പരാതി നല്‍കിയത്. വിഷയത്തില്‍ വിശദീകരണമാവശ്യപ്പെട്ട് സ്‌കൂളധികൃതര്‍ക്ക് നോട്ടീസയച്ചതായി വിദ്യാഭ്യാസ മന്ത്രി ഭൂപേന്ദ്ര സിംഗ് ചുദാസമാ അറിയിച്ചു.
“തീര്‍ത്തും അനുചിതമായ നീക്കമാണ് അധകൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. മതവികാരം വൃണപ്പെടുത്തുന്ന യാതൊരു പ്രവര്‍ത്തിയും ഞങ്ങളനുവദിക്കില്ല. സ്‌കൂളിന് നോട്ടീസ് അയയ്ക്കുകയും, ആരാണിതിന് ഉത്തരവിട്ടതെന്നതിനെക്കുറിച്ച് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മറുപടി ലഭിച്ച ശേഷം തുടര്‍ നടപടികളെക്കുറിച്ച് ചിന്തിക്കും.” മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.
വിഷയത്തില്‍ പ്രതിഷേധമറിയിച്ച് എ.ബി.വി.പി-വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ സ്‌കൂളിനു പുറത്ത് സംഘടിച്ചിരുന്നു. ഇത്തരത്തിലൊരു സംഭവമേ നടന്നിട്ടില്ലെന്നാണ് സ്‌കൂളധികൃതര്‍ അവകാശപ്പെടുന്നതെന്ന് എ.ബി.വി.പി നേതാവ് ഋഷികേശ് മണ്ഡാലിയ പറയുന്നു.