'രാജ്യത്തിന് വേണ്ടി ജീവന്‍ സമര്‍പ്പിച്ച മോദിയെ മാത്രമല്ല ബി.ബി.സി ഡോക്യുമെന്ററി അപമാനിച്ചത്'; ബി.ബി.സിക്കെതിരെ പ്രമേയം പാസാക്കി ഗുജറാത്ത് സര്‍ക്കാര്‍
national news
'രാജ്യത്തിന് വേണ്ടി ജീവന്‍ സമര്‍പ്പിച്ച മോദിയെ മാത്രമല്ല ബി.ബി.സി ഡോക്യുമെന്ററി അപമാനിച്ചത്'; ബി.ബി.സിക്കെതിരെ പ്രമേയം പാസാക്കി ഗുജറാത്ത് സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th March 2023, 10:40 am

ഗാന്ധിനഗര്‍: ബി.ബി.സിക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം പാസാക്കി ഗുജറാത്ത് സര്‍ക്കാര്‍. ബി.ബി.സി പുറത്തിറക്കിയ ഡോക്യുമെന്ററി രാജ്യത്തിന് വേണ്ടി ജീവന്‍ മാറ്റിവെച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാത്രമല്ല രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും പ്രമേയത്തില്‍ പറയുന്നു.

2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബി.ബി.സി പുറത്തിറക്കിയ ഡോക്യുമെന്ററിയെ വിമര്‍ശിച്ച് നേരത്തെ തന്നെ ബി.ജെ.പി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.

ബി.ബി.സിയുടെ ഡോക്യുമെന്ററി അപമാനിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാത്രമല്ല മറിച്ച് രാജ്യത്തെ 135 കോടി ജനങ്ങളെക്കൂടിയാണെന്നും പ്രമേയം പാസാക്കിക്കൊണ്ട് ഗുജറാത്ത് മന്ത്രി ഹര്‍ഷ് സംഘ്‌വി പറഞ്ഞു.

‘ഡോക്യുമെന്ററി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ മാത്രമുള്ളതല്ല. മറിച്ച് രാജ്യത്തെ 135 കോടി ജനങ്ങള്‍ക്ക് എതിരെയുള്ളതാണ്. തന്റെ ജീവിതം പോലും രാജ്യത്തിന് വേണ്ടി മാറ്റിവെച്ച വ്യക്തിയാണ് നരേന്ദ്രമോദി. അദ്ദേഹം രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിച്ചു. രാജ്യദ്രോഹ ശക്തികള്‍ക്ക് ശക്തമായ മറുപടി നല്‍കി. അന്താരാഷ്ട്ര തലത്തില്‍ വരെ ഇന്ത്യയുടെ നിലവാരം ഉയര്‍ത്തിയെടുക്കാന്‍ അദ്ദേഹം പ്രയത്‌നിച്ചു,’ സംഘ്‌വി കൂട്ടിച്ചേര്‍ത്തു.

2023 ജനുവരിയിലായിരുന്നു ഇന്ത്യ; ദി മോദി ക്വസ്റ്റിയന്‍ എന്ന ഡോക്യുമെന്ററി ബി.ബി.സി പുറത്തിറക്കിയത്. 2002ല്‍ നടന്ന ഗുജറാത്ത് കലാപമായിരുന്നു പശ്ചാത്തലം. ഗുജറാത്ത് കലാപം നടക്കുന്ന സമയത്ത് സംസ്ഥാനത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് കലാപത്തിലുള്ള പങ്കും സുപ്രീം കോടതി അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് നല്‍കിയതുമെല്ലാം ഡോക്യുമെന്ററിയില്‍ പരാമര്‍ശിച്ചിരുന്നു.

ഡോക്യുമെന്ററി പ്രത്യേക അജണ്ട മുന്‍നിര്‍ത്തിയുള്ളതാണെന്നായിരുന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പരാമര്‍ശം. ഡോക്യുമെന്ററി പുറത്തിറങ്ങിയതിന് പിന്നാലെ ദല്‍ഹിയിലെയും മുംബൈയിലെയും ബി.ബി.സി ഓഫീസുകളില്‍ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിന് പിന്നാലെ നികുതിയടക്കുന്നതില്‍ ക്രമക്കേടുണ്ടെന്നും ഇ.ഡി ആരോപിച്ചിരുന്നു.

Content Highlight: Gujarat Government passes resolution against BBC Documentary