| Monday, 17th March 2025, 8:37 am

സുപ്രീം കോടതി ഉത്തരവ് വകവെച്ചില്ല; കുറ്റാരോപിതരുടെ വീട് പൊളിച്ചുമാറ്റി ഗുജറാത്ത് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സുപ്രീം കോടതി ഉത്തരവ് വകവെയ്ക്കാതെ കുറ്റാരോപിതരുടെ വീടുകള്‍ ഇടിച്ചുതകര്‍ത്ത് ഗുജറാത്ത് സര്‍ക്കാര്‍. അഹമ്മദബാദിലാണ് ഒരു കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിന്റെ പേരില്‍ വീട് ഇടിച്ചുതകര്‍ത്തത്.

വസ്ത്രാലില്‍ വ്യാഴാഴ്ച രാത്രി നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളുടെ വീടാണ് അനധികൃതമെന്ന് ആരോപിച്ച് പൊളിച്ചുമാറ്റിയതെന്നാണ് റിപ്പോര്‍ട്ട്. സംഘര്‍ഷത്തില്‍ 14 പേരെയാണ് അറസ്റ്റ് ചെയ്തിരുന്നത്.

അറസ്റ്റിലായവരില്‍ അമ്രൈവാഡിസ ഖോഖര്‍ പ്രദേശത്ത് താമസിക്കുന്ന ആറ് പേരുടെ വീടുകള്‍ അനധികൃതമാണെന്നും കയ്യേറ്റമാണെന്നുമാരോപിച്ച് പൊളിച്ചുമാറ്റുകയായിരുന്നു. ബി.ജെ.പി ഭരിക്കുന്ന അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റേതാണ് നടപടി. കനത്ത പൊലീസ് സന്നാഹത്തോടെയായിരുന്നു പൊളിച്ചുമാറ്റല്‍ നടപടികള്‍.

അതേസമയം സംഘര്‍ഷത്തില്‍ പ്രതിചേര്‍ക്കപ്പെട്ട പ്രായപൂര്‍ത്തിയാവാത്ത കുട്ടി ഉള്‍പ്പെടെയുള്ളവരെ പൊലീസ് പൊതുജന മധ്യത്തില്‍ ഉപദ്രവിക്കുകയും മര്‍ദിക്കുകയും ചെയ്യുന്ന വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കുറ്റരോപിതരായത് കൊണ്ട് മാത്രം ഒരാളുടെ സ്വത്തുക്കളോ വീടോ സ്ഥാപനങ്ങളോ പൊളിച്ചുമാറ്റരുതെന്ന് നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. സ്വത്തുക്കളും വീടുകളും ഇല്ലാതാക്കുമെന്ന ഭീഷണികൊണ്ട് രാജ്യത്തെ പൗരന്മാരെ അടിച്ചമര്‍ത്താന്‍ കഴിയില്ലെന്നും ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു.

രാജ്യത്ത് ഏതെങ്കിലും ഉന്നതരോ ഉദ്യോഗസ്ഥരോ നിയമവിരുദ്ധമായി കെട്ടിടങ്ങള്‍ പൊളിക്കുന്നത്, പ്രതികാര നടപടികളായി കണക്കാക്കുമെന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു. ഇത്തരത്തിലുള്ള പ്രവൃത്തി ഗുരുതരമായ വീഴ്ചയാണെന്നും അപകടങ്ങളുണ്ടാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

അനധികൃതമായ കയ്യേറ്റങ്ങളോ കെട്ടിടങ്ങളോ പൊളിച്ചുനീക്കുന്നതിന് മുമ്പ് സംസ്ഥാനം നിയമാനുസൃതമായ നടപടിക്രമങ്ങള്‍ പാലിക്കണമെന്നും നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. ബുള്‍ഡോസ് നീതി നിയമവാഴ്ചയ്ക്ക് കീഴില്‍ സ്വീകാര്യമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Content Highlight: Gujarat government demolishes house of accused, ignores Supreme Court order

Latest Stories

We use cookies to give you the best possible experience. Learn more