ന്യൂദല്‍ഹി: 2002ലെ ഗുജറാത്ത് ഗോധ്ര ട്രെയിന്‍ തീവെപ്പ് കേസില്‍ പ്രതികളുടെ വിശദാംശങ്ങള്‍ തേടി സുപ്രീം കോടതി. ജാമ്യാപേക്ഷ തീര്‍പ്പാക്കാന്‍ വേണ്ടി പ്രതികളുടെ പ്രായം, ജയിലില്‍ കഴിഞ്ഞ കാലം തുടങ്ങിയ വിശദാംശങ്ങളാണ് ഗുജറാത്ത് സര്‍ക്കാരിനോടും പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകനോടും സുപ്രീം കോടതി ആവശ്യപ്പെട്ടത്.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജെ.പി പര്‍ഡിവാല എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷ തീര്‍പ്പാക്കുന്ന ഹരജി പരിഗണിക്കവേ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടത്.
സര്‍ക്കാര്‍ അഭിഭാഷകര്‍ക്കും ഹരജിക്കാരുടെ അഭിഭാഷകര്‍ക്കും ഒരുമിച്ചിരുന്ന് പ്രതികളുടെ വിശദാംശങ്ങള്‍ തയ്യാറാക്കാന്‍ സാധിക്കുമോയെന്ന് കോടതി ചോദിച്ചു. അങ്ങനെയാണെങ്കില്‍ പ്രതികളുടെ പ്രായം, ജയിലില്‍ കഴിഞ്ഞ കാലം, ചെയ്ത കുറ്റം തുടങ്ങിയ വിവരങ്ങള്‍ ലഭിക്കുമെന്നും കോടതി പറഞ്ഞു. കേസിന്റെ പ്രധാനപ്പെട്ട എല്ലാ വിശദാംശങ്ങളും ഉള്‍പ്പെടുത്തി ചാര്‍ട്ട് തയ്യാറാക്കാനും ഇരു ബെഞ്ചിനോടും കോടതി ആവശ്യപ്പെട്ടു.
അതേസമയം ഗുജറാത്ത് സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു. ഈ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും ഗുരുതരമായ കുറ്റകൃത്യമാണ് പ്രതികള്‍ ചെയ്തതെന്നും തുഷാര്‍ മേത്ത പറഞ്ഞു. പ്രതികള്‍ക്കെതിരെ ടാഡ വ്യവസ്ഥകള്‍ ചുമത്തിയിരിക്കുന്നതിനാല്‍ ഗുജറാത്ത് സംസ്ഥാന നിയമമനുസരിച്ച് കുറ്റവാളികളെ ശിക്ഷ കാലയളവ് തീരുന്നതിന് മുമ്പ് മോചിപ്പിക്കാനാകില്ലെന്നും ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചു. 59 പേരെ ജീവനോടെ കത്തിച്ച കേസാണിതെന്നും മേത്ത കൂട്ടിച്ചേര്‍ത്തു.
ട്രെയിന്‍ പുറമേ നിന്ന് പൂട്ടിയിരുന്നുവെന്നും പ്രതികളില്‍ ഒരാള്‍ പെട്രോള്‍ കൈവശം വെച്ചതിന് തെളിവുണ്ടെന്നും അദ്ദേഹം വാദിച്ചു.
എന്നാല്‍ കേസിലെ പ്രതികള്‍ 17 വര്‍ഷമായി ജയിലില്‍ കഴിയുന്നുവെന്നും പലരുടെയും പ്രായം അറുപത് വയസ് കഴിഞ്ഞെന്നും ഇത് പരിഗണിച്ച് ഇവര്‍ക്ക് ജാമ്യം നല്‍കണമെന്നും പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.
2002 ഫെബ്രുവരി 27നാണ് കേസിനാസ്പദമായ സംഭവം. ഗുജറാത്തിലെ ഗോധ്ര റെയില്‍വേ സ്‌റ്റേഷനില്‍ സബര്‍മതി എക്‌സ്പ്രസിന്റെ ചില കോച്ചുകളാണ് പ്രതികള്‍ കത്തിച്ചത്. ഹരജി മൂന്നാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.