ഗാന്ധിനഗര്‍: ബലപ്രയോഗത്തിലൂടെയോ വഞ്ചനാപരമായ മാര്‍ഗങ്ങളിലൂടെയോ അല്ലാതെ നടക്കുന്ന മിശ്രവിവാഹങ്ങള്‍ക്ക് ഗുജറാത്ത് മത സ്വാതന്ത്ര്യ (ഭേദഗതി) നിയമം, 2021 ലെ വ്യവസ്ഥകള്‍ ബാധകമല്ലെന്ന് ഗുജറാത്ത് ഹൈക്കോടതി.
ചീഫ് ജസ്റ്റിസ് വിക്രം നാഥും ജസ്റ്റിസ് ബിരേന്‍ വൈഷ്ണവും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ഗുജറാത്ത് മതസ്വാതന്ത്ര്യ (ഭേദഗതി) നിയമം, 2021 ലെ വ്യവസ്ഥകള്‍ ചോദ്യം ചെയ്ത് മുഹമ്മദ് ഈസ എം. ഹക്കിം സമര്‍പ്പിച്ച റിട്ട് ഹരജിയിലാണ് ബെഞ്ച് ഉത്തരവിട്ടത്.
ബലപ്രയോഗമോ പ്രലോഭനമോ വഞ്ചനാപരമായ മാര്‍ഗ്ഗങ്ങളോ ഇല്ലാതെ ഒരു മതത്തില്‍പ്പെട്ട വ്യക്തിയെ മറ്റൊരു മതത്തില്‍പ്പെട്ട വ്യക്തി വിവാഹം കഴിക്കുകയാണെങ്കില്‍ അത്തരം വിവാഹങ്ങളെ നിയമവിരുദ്ധമായ മതപരിവര്‍ത്തനത്തിനുള്ള വിവാഹങ്ങള്‍ എന്ന് വിളിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
ലൗ ജിഹാദിന്റെ പേര് പറഞ്ഞാണ് ഗുജറാത്തില്‍ മതംമാറ്റ നിരോധന നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടത്.
”തെറ്റിദ്ധരിപ്പിച്ചും സമ്മര്‍ദ്ദം ചെലുത്തിയുമുള്ള മതംമാറ്റം തടയുമെന്നും ബലാല്‍ക്കാരത്തിലൂടെയോ വിവാഹത്തിന്റെ പേരിലോ വഞ്ചനയിലുടെയോ മതപരിവര്‍ത്തനത്തിന് ശ്രമിക്കുന്നത് പുതിയ നിയമപ്രകാരം ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണെന്നുമാണ് ഗുജറാത്ത് ആഭ്യന്തരമന്ത്രി പ്രദീപ്‌സിങ് ജഡേജ പറഞ്ഞത്.
‘ലവ് ജിഹാദ്’ ഭീഷണി തടയലാണ് ബില്‍ ലക്ഷ്യമിടുന്നതെന്നും പേരുമാറ്റി ഹിന്ദു പെണ്‍കുട്ടികളെ വഞ്ചിക്കാന്‍ ശ്രമിക്കുന്ന എല്ലാവരെയും ഈ നിയമപ്രകാരം ശിക്ഷിക്കുമെന്നും പ്രദീപ് സിംഗ് ജഡേജ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Gujarat Freedom Of Religion(Amendment) Act 2021 Won’t Apply To Inter-Faith Marriages Without Force, Allurement Or Fraudulent Means : Gujarat High Court