ഗുജറാത്ത് സ്വദേശിയായ മത്സ്യത്തൊഴിലാളി പാക് ജയിലില്‍ മരിച്ചു: വീട്ടുകാര്‍ അറിഞ്ഞത് മൂന്നു മാസങ്ങള്‍ക്കു ശേഷം
national news
ഗുജറാത്ത് സ്വദേശിയായ മത്സ്യത്തൊഴിലാളി പാക് ജയിലില്‍ മരിച്ചു: വീട്ടുകാര്‍ അറിഞ്ഞത് മൂന്നു മാസങ്ങള്‍ക്കു ശേഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th June 2018, 2:28 pm

വഡോദര: ഇന്ത്യന്‍ പൗരനായ മത്സ്യത്തൊഴിലാളി പാകിസ്ഥാന്‍ ജയിലില്‍ മരിച്ച വിവരം വീട്ടുകാര്‍ അറിഞ്ഞത് മാസങ്ങള്‍ക്കു ശേഷം സഹതടവുകാരന്‍ അയച്ച കത്തില്‍ നിന്ന്. ഗുജറാത്ത് സ്വദേശി ദേവ രാമ ഭരൈയ്യയാണ് മൂന്നു മാസങ്ങള്‍ക്കു മുമ്പ് കറാച്ചിയില്‍ വച്ച് മരിച്ചതായി വിവരം ലഭിച്ചിരിക്കുന്നത്.

സോംനാഥിലെ കൊടാഡാ ഗ്രാമത്തില്‍ നിന്നുള്ള മത്സ്യബന്ധനത്തൊഴിലാളിയായ ദേവരാമയെ ഫെബ്രുവരി രണ്ടിനാണ് സമുദ്രാതിര്‍ത്തിയില്‍ നിന്നും പാകിസ്ഥാന്‍ നാവിക സംഘം പട്രോളിങ്ങിനിടെ അറസ്റ്റു ചെയ്യുന്നത്. കറാച്ചിയിലെ ജയിലില്‍ ദേവ രാമയുടെ കൂടെയുണ്ടായിരുന്ന പ്രവീണ്‍ ധന്‍സുക് ചാവ്ട എന്നയാള്‍ അയച്ച കത്തില്‍ നിന്നാണ് മാര്‍ച്ച് 4ന് രാമ മരിച്ച വാര്‍ത്ത വീട്ടുകാര്‍ അറിഞ്ഞതെന്ന് കൊടാഡാ ഗ്രാമമുഖ്യന്‍ ബാബുഭായ് സോമഭായ് പറയുന്നു. ഏപ്രില്‍ 22നയച്ച കത്ത് ദേവരാമയുടെ ഭാര്യയ്ക്ക് ഇന്നലെയാണ് കിട്ടിയത്.


Also Read: തൂത്തുക്കുടിയില്‍ വ്യാജ തെളിവുണ്ടാക്കാന്‍ കലക്ട്രേറ്റ് ജീവനക്കാരില്‍ പൊലീസ് സമ്മര്‍ദ്ദം ചെലുത്തുന്നതായി ആരോപണം: തെളിവുകള്‍ പുറത്ത്


“ദേവരാമയുടെ ഭാര്യ കസ്തൂരിബെന്‍ ആണ് വീട്ടുജോലിക്കു പോയി ആറു കുട്ടികളടങ്ങുന്ന കുടുംബം സംരക്ഷിക്കുന്നത്. കൊടിയ ദാരിദ്ര്യത്തില്‍ കഴിയുന്ന ഇവര്‍ മരണവാര്‍ത്ത അറിഞ്ഞതില്‍ പിന്നെ കടുത്ത ദുഃഖത്തിലാണ്.” ഗ്രാമമുഖ്യന്‍ പറയുന്നു.
ദേവരാമയുടെ ബന്ധു കൂടിയായ ചാവ്ട ഗുജറാത്തി ഭാഷയിലെഴുതിയ കത്തിന്റെ പകര്‍പ്പ് പി.ടി.ഐക്ക് ലഭിച്ചിട്ടുണ്ട്.

ഗുജറാത്ത് ഫിഷര്‍മെന്‍ സെന്‍ട്രല്‍ കോപ്പറേറ്റീവ് അസോസിയേഷന്‍ പ്രസിഡന്റായ വെല്‍ജിഭായ് മസാനി ദേവ രാമ ഭരൈയ്യയുടെ മരണം സ്ഥിരീകരിച്ചു. പാക് പ്രതിനിധികളുമായി വിഷയം ചര്‍ച്ച ചെയ്യാന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനോട് അഭ്യര്‍ത്ഥിച്ചതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ പൗരന്‍ ജയിലില്‍ മരിച്ച വിവരം നാളിത്രയായിട്ടും ബന്ധപ്പെട്ട അധികൃതരെ അറിയിക്കാതിരുന്ന പാക് ഉദ്യോഗസ്ഥരെ അദ്ദേഹം നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. മത്സ്യത്തൊഴിലാളി കൂട്ടായ്മകളുടെ സംയുക്ത സംഘടനയായ കോപ്പറേറ്റീവ് അസോസിയേഷന്റെ പ്രധാന ഓഹരിയുടമ ഗുജറാത്ത് സര്‍ക്കാരാണ്.