നോട്ട് നിരോധനത്തിന് ശേഷമുള്ള ഏറ്റവും വലിയ കള്ളപ്പണവേട്ട മോദിയുടെ ഗുജറാത്തില്‍ നിന്ന്; പിടികൂടിയത് നാലരക്കോടി മൂല്യമുള്ള വ്യാജ 2000 രൂപ നോട്ടുകള്‍
India
നോട്ട് നിരോധനത്തിന് ശേഷമുള്ള ഏറ്റവും വലിയ കള്ളപ്പണവേട്ട മോദിയുടെ ഗുജറാത്തില്‍ നിന്ന്; പിടികൂടിയത് നാലരക്കോടി മൂല്യമുള്ള വ്യാജ 2000 രൂപ നോട്ടുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th March 2017, 1:19 pm

രാജ്‌കോട്ട്: നോട്ട് നിരോധനത്തിന് ശേഷം രാജ്യംകണ്ട ഏറ്റവും വലിയ കള്ളപ്പണ വേട്ടയ്ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദേശമായ ഗുജറാത്ത്.

വ്യാജ 2000 രൂപയുടെ നാലരക്കോടി മൂല്യമുള്ള നോട്ടുകളാണ് കഴിഞ്ഞ ദിവസം രാജ്‌കോട്ടില്‍ നിന്നും പൊലീസ് പിടികൂടിയത്. പണം എണ്ണിത്തീര്‍ക്കാന്‍ ഒരു രാത്രിമുഴുവന്‍ പൊലീസിന് ഉറക്കമിളക്കേണ്ടി വന്നു. 2000 രൂപയുടെ 22,479 വ്യാജ നോട്ടുകളാണ് ഇയാളില്‍ നിന്നും പൊലീസ് പിടിച്ചെടുത്തത്.

രാജ്‌കോട്ടിലെ പണമിടപാടുകാരനായ കേതന്‍ ദേവ് എന്നയാളില്‍ നിന്നാണ് ഇത്രയും വലിയ തുക പിടിച്ചെടുത്തത്. പണം തട്ടിപ്പുമായി ബന്ധപ്പെട്ട് നിതിന്‍ അജാനി എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇയാള്‍ക്കെതിരെ പൊലീസ് അന്വേഷണം നടത്തിയത്.


Dont Miss  ചില ശീലങ്ങളില്‍ നിന്ന് മാറി നിന്നിരുന്നെങ്കില്‍ മണി ചെറിയ പ്രായത്തില്‍ മരിക്കില്ലായിരുന്നു: പിണറായി വിജയന്‍ 


കേതന്‍ ദേവിന്റെ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ 2858 വ്യാജനോട്ടുകള്‍ കണ്ടെത്തിയിരുന്നു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ വ്യാജ നോട്ടുകള്‍ സംഘാംഗങ്ങള്‍ വഴി ചിലവഴിച്ചെന്ന് ദേവ് പൊലീസിന് മൊഴി നല്‍കി. തന്റെ ഉടമസ്ഥതയിലുള്ള കാറുകളിലും നോട്ട് ഒളിപ്പിച്ചതായി ഇയാള്‍ മൊഴി നല്‍കിയിരുന്നു. വാഹനം പരിശോധിച്ചപ്പോഴും കൂടുതല്‍ വ്യാജ നോട്ടുകള്‍ പൊലീസ് കണ്ടെത്തുകയായിരുന്നു.