| Wednesday, 21st October 2020, 11:05 am

വര്‍ക്കം ഫ്രം ഹോം പ്രഷര്‍ താങ്ങാനാകുന്നില്ല; ഗുജറാത്തില്‍ യുവ എഞ്ചിനീയര്‍ ആത്മഹത്യ ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗുജറാത്തില്‍ വര്‍ക്കം ഫ്രം ഹോം സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെ യുവ എഞ്ചിനീയര്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. സൂററ്റിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.

ഇലക്ട്രിക്കല്‍ എഞ്ചിനീയറായ ജിഗര്‍ ഗാന്ധിയാണ് ആത്മഹത്യ ചെയ്തത്. നോയിഡ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്.

കൊവിഡ് വ്യാപനമുണ്ടായതോടെ വീട്ടിലിരുന്ന് ജോലി ചെയ്യുകയായിരുന്നു. ലോക്ഡൗണ്‍ ആരംഭിച്ചതു മുതല്‍ സൂററ്റിലെ വീട്ടിലിരുന്നാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്.

ആദ്യത്തെ കുറച്ച് മാസം അധികം സമ്മര്‍ദ്ദങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ രണ്ട് മാസമായി ഇദ്ദേഹം വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. ജോലിയുടെ ഭാഗമായി നല്ല സമ്മര്‍ദ്ദത്തിലായിരുന്നു ഇദ്ദേഹമെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.

വീടിന്റെ സ്റ്റെയര്‍ കേസിനടുത്താണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

അതേസമയം കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്തെ പല ഐ.ടി കമ്പനികളും ജീവനക്കാര്‍ക്ക് വര്‍ക്കം ഫ്രം ഹോം ഓപ്ഷന്‍ നല്‍കിയിരിക്കുകയാണ്.

2021 ജൂലൈ വരെ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി നല്‍കി ഫേസ്ബുക്ക് രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു. കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് ഫേസ്ബുക്ക് മേധാവികള്‍ അറിയിച്ചിരുന്നു.

ആരോഗ്യവിദഗ്ധരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കുകയാണ്. ഓഫീസ് ആവശ്യങ്ങള്‍ക്കായി എല്ലാ ജീവനക്കാര്‍ക്കും 1000 ഡോളര്‍ നല്‍കും.അടുത്ത ജൂലൈ വരെ ഇത് തുടരുകയും ചെയ്യുമെന്ന് ഫേസ്ബുക്ക് മേധാവികള്‍ അറിയിച്ചിരുന്നു.

അതേസമയം വൈറസ് വ്യാപനം കുറയുന്ന മുറയ്ക്ക് കുറവ് ജീവനക്കാരെ ഉള്‍പ്പെടുത്തി ഓഫീസുകള്‍ തുറക്കുമെന്ന് ഫേസ്ബുക്ക് അറിയിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാകും ഓഫീസുകള്‍ തുറക്കുന്നതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

നേരത്തേ, ഓഫീസില്‍ വരാന്‍ കഴിയാത്ത ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്ന് ആല്‍ഫബെറ്റ് ഇങ്കും പറഞ്ഞിരുന്നു.

2021 ജൂണ്‍ അവസാനം വരെ ഈ രീതി തുടരുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം വിദൂരങ്ങളിലുള്ള ജീവനക്കാര്‍ക്ക് മാത്രം വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം ട്വിറ്റര്‍ ഇങ്കും നല്‍കിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights; Unable Bear Work From Home Engineer Kills self

We use cookies to give you the best possible experience. Learn more