ജിഗ്നേഷ് മെവാനിക്ക് കമാന്‍ഡോ സംരക്ഷണം; നീക്കങ്ങള്‍ മനസിലാക്കാനുള്ള സര്‍ക്കാരിന്റെ നീക്കമെന്ന് മെവാനി
India
ജിഗ്നേഷ് മെവാനിക്ക് കമാന്‍ഡോ സംരക്ഷണം; നീക്കങ്ങള്‍ മനസിലാക്കാനുള്ള സര്‍ക്കാരിന്റെ നീക്കമെന്ന് മെവാനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th November 2017, 8:23 am

അഹമ്മദാബാദ്: ആവശ്യപ്പെടുക പോലും ചെയ്യാതെ ദളിത് നേതാവ് ജിഗ്നേഷ് മെവാനിക്ക് കമാന്‍ഡോ സംരക്ഷണമൊരുക്കി ഗുജറാത്ത് സര്‍ക്കാര്‍. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ചാണ് സംരക്ഷണമൊരുക്കുന്നതെന്നാണ് സര്‍ക്കാരിന്റെ വാദം.

എന്നാല്‍ തനിക്ക് സംരക്ഷണമൊരുക്കാന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്ന് മെവാനി പറഞ്ഞു.

“ഇന്ന് എനിക്ക് മെഷിന്‍ഗണ്ണുമായി കമാന്‍ഡോ സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഞാന്‍ ആവശ്യപ്പെടാതെയാണിത്. നിരീക്ഷിക്കാന്‍ വേണ്ടിയാണോ എന്ന് പൊലീസുകാരനോട് ചോദിച്ചപ്പോള്‍ അതേ എന്നാണ് പൊലീസുകാരന്‍ പറഞ്ഞത്. ഗുജറാത്തിലെ സാഹചര്യം വ്യക്തമാക്കി തരുന്നതാണിതെന്നും മെവാനി പറഞ്ഞു.


Read more:   സൗദി രാജകുമാരന്‍ ഹെലികോപ്ടര്‍ തകര്‍ന്ന് മരിച്ചു


നേരത്തെ ഹാര്‍ദ്ദിക് പട്ടേലും മെവാനിയും കൂടിക്കാഴ്ച നടത്തിയ ഹോട്ടലില്‍ ഐ.ബിയും ഗുജറാത്ത് പൊലീസും റെയ്ഡ് നടത്തിയിരുന്നു. ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ടുമായി ഹോട്ടല്‍മുറിയില്‍ ചര്‍ച്ച നടത്തിയപ്പോഴും പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പിടിച്ചെടുത്തിരുന്നു.

വിയോജിപ്പുകളുണ്ടെങ്കിലും ഹാര്‍ദിക് പട്ടേലുമായും അല്‍പേഷ് താക്കൂറുമായും യോജിച്ച് നിന്ന് ബി.ജെ.പിക്കെതിരെ പോരാടുമെന്നും മെവാനി പറഞ്ഞു.

വെള്ളിയാഴ്ച രാഹുല്‍ഗാന്ധിയും ജിഗ്നേഷ് മെവാനിയും കൂടിക്കാഴ്ച നടത്തിയിരുന്നു. കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുന്നതായി മെവാനി പറഞ്ഞിരുന്നില്ലെങ്കിലും ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ആവശ്യപ്പെടുമെന്ന് മെവാനി പറഞ്ഞിരുന്നു.