| Thursday, 5th May 2022, 4:28 pm

ജിഗ്നേഷ് മേവാനിക്ക് മൂന്ന് മാസം തടവ് ശിക്ഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മെഹ്‌സാന: ഗുജറാത്ത് എം.എല്‍.എ ജിഗ്നേഷ് മേവാനിക്കും മറ്റ് ഒന്‍പത് പേര്‍ക്കും മൂന്ന് മാസത്തെ തടവ് ശിക്ഷ വിധിച്ച് കോടതി. 1000 രൂപ പിഴയും അടയ്ക്കാനും കോടതി വിധിച്ചു. അഞ്ച് വര്‍ഷം മുമ്പുള്ള കേസിലാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്. 2017 ല്‍ ജിഗ്നേഷ് മേവാനി ആസാദി മാര്‍ച്ച് നടത്തിയിരുന്നു. ഇത് അനുവാദമില്ലാതെ ആയിരുന്നു നടത്തിയത്.

റാലി നടത്തുന്നത് തെറ്റല്ല എങ്കിലും അനുമതിയില്ലാതെ റാലി നടത്തുന്നത് തെറ്റ് തന്നെയാണെന്ന് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പറഞ്ഞു.

നിയമലംഘനം പൊറുക്കാനാവില്ലെന്നും കോടതി പറഞ്ഞു. ഉനയില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട ചിലരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച സംഭവത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ മെഹ്സാനയില്‍ മേവാനിയും സംഘവും നടത്തിയ റാലിയാണ് കേസിന് ആധാരം. മേവാനിയുടെ സഹപ്രവര്‍ത്തകനായ ഒരാള്‍ രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ച് എന്ന സംഘടനയ്ക്കുവേണ്ടി റാലി നടത്താന്‍ അനുമതി തേടിയിരുന്നു. ജിഗ്നേഷ് മേവാനി സ്ഥാപിച്ച സംഘടനയാണിത്.

മെഹ്സാന എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് ആദ്യം റാലിക്ക് അനുമതി നല്‍കിയിരുന്നുവെങ്കിലും പിന്നീട് പിന്‍വലിച്ചു. എന്നാല്‍ ഇത് വകവയ്ക്കാതെ സംഘാടകര്‍ റാലി നടത്തുകയായിരുന്നു. റാലിക്ക് അനുമതി തേടി ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കുന്നതിന് പകരം സംഘാടകര്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ഉത്തരവ് ലംഘിക്കാനാണ് ശ്രമിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി.

മേവാനി അടക്കമുള്ളവര്‍ക്കെതിരെ മെഹ്സാന പൊലീസാണ് അനധികൃതമായി കൂട്ടംകൂടിയതിന് കേസെടുത്തത്. 12 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ അടക്കമുള്ളവര്‍ റാലിയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ വിചാരണ വേളയില്‍ അദ്ദേഹം ഹാജരാകാതിരുന്നതിനാല്‍ അദ്ദേഹത്തെ പിന്നീട് പ്രത്യേകം വിചാരണ ചെയ്യുമെന്ന് കോടതി വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്വീറ്റ് ചെയ്തതിന് നേരത്തെ അസം പൊലീസ് ഗുജറാത്തിലെത്തി മേവാനിയെ അറസ്റ്റ് ചെയ്തിരുന്നു.

അസം പൊലീസ് ഗുജറാത്തിലെത്തിയാണ് മേവാനിയെ അറസ്റ്റ് ചെയ്തത്. പാലന്‍പൂര്‍ സര്‍ക്യൂട്ട് ഹൗസില്‍ വെച്ച് അറസ്റ്റിലായ മേവാനിയെ പിന്നീട് അഹമ്മദാബാദിലേക്കും അവിടെ നിന്ന് ഗുവാഹത്തിയിലേക്കും കൊണ്ടുപോയിരുന്നു. അസമിലെ കൊക്രഝാറില്‍ നിന്നുള്ള ബി.ജെ.പി നേതാവ് അരൂപ് കുമാര്‍ ഡേ നല്‍കിയ പരാതിയിലാണ് മേവാനിയെ അറസ്റ്റ് ചെയ്തത്.
പിന്നീട് അദ്ദേഹത്തിന് ജാമ്യം ലഭിച്ചു.

Content Highlights: Gujarat court sentences MLA Jignesh Mevani, 9 others to 3-month jail for taking out ‘Azadi’ march in 2017

Latest Stories

We use cookies to give you the best possible experience. Learn more