2010ലെ കേസ്; ഗുജറാത്തിലെ കോണ്‍ഗ്രസ് എം.എല്‍.എക്ക് തടവുശിക്ഷ
national news
2010ലെ കേസ്; ഗുജറാത്തിലെ കോണ്‍ഗ്രസ് എം.എല്‍.എക്ക് തടവുശിക്ഷ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th February 2023, 8:51 pm

ജുനാഗഡ്: ഗുജറാത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എക്ക് ആറ് മാസം തടവ് ശിക്ഷ വിധിച്ച് കോടതി. ജുനഗഡ് ജില്ലയില്‍ 2010ല്‍ കലാപം ആരോപിക്കപ്പെട്ട കേസിലാണ്
സോമനാഥ് മണ്ഡലത്തിലെ എം.എല്‍.എയായ വിമല്‍ ചുദാസാമയെ ശിക്ഷിച്ചത്. എം.എല്‍.എ കൂടാതെ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മറ്റ് മൂന്ന് പേര്‍ക്കും ആറ് മാസം തടവ് ശിക്ഷ വിധിച്ചു.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 323, 147 എന്നിവ പ്രകാരം കലാപമടക്കം ആരോപക്കപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചുദാസാമയെയും മറ്റ് മൂന്ന് പ്രതികളായ ഹിതേഷ് പര്‍മര്‍, മോഹന്‍ വധേര്‍, റാംജി ബെറോ എന്നിവരെയും കോടതി കുറ്റക്കാരെന്ന് കണ്ടത്തിയത്.

സെഷന്‍സ് കോടതിയില്‍ ശിക്ഷക്കെതിരെ അപ്പീല്‍ നല്‍കാന്‍ ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ചോര്‍വാഡ് പൊലീസ് സ്റ്റേഷനിലാണ് എം.എല്‍.എക്കെതിരായ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

ചുഡാസമയും കേസിലെ മറ്റ് പ്രതികളും 2010 നവംബര്‍ ഏഴിന് ഗതാഗതക്കുരുക്കില്‍ കുടുങ്ങിയതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കേസിനാസ്പദമായ സംഭവം. സംഭവ സ്ഥലത്തുവെച്ച് വാള്‍, റിവോള്‍വറുകള്‍ തുടങ്ങിയവ ഉപയോഗിച്ച് പരാതിക്കാരനെ അക്രമിച്ചു എന്നാണ് പ്രൊസിക്യൂഷന്റെ വാദം. പ്രതികള്‍ പരാതിക്കാരുടെ വാഹനത്തിന് കേടുപാടുകള്‍ വരുത്തിയെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

Content Highlight: Gujarat court sentences Congress MLA to six months in prison