അഹമ്മദാബാദ്: പശുക്കളെ കശാപ്പ് ചെയ്യുന്നത് നിര്‍ത്തിയാല്‍ ഭൂമിയിലെ എല്ലാ പ്രശ്നങ്ങളും അവസാനിക്കുമെന്ന വിചിത്ര പരാമര്‍ശവുമായി ഗുജറാത്തിലെ തപി ജില്ലാ കോടതി ജഡ്ജി. ചാണകം കൊണ്ടുനിര്‍മിച്ച വീടുകള്‍ക്ക് അറ്റോമിക് റേഡിയേഷന്‍(അണുവികിരണം) ഏല്‍ക്കില്ലെന്നും പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി സമീര്‍ വിനോദ് ചന്ദ്ര വ്യാസ് പറഞ്ഞു.
പശു അമ്മയാണെന്നും കേവലം ഒരു മൃഗം മാത്രമല്ലെന്നും പറഞ്ഞ കോടതി പശു നന്ദിയുള്ള മൃഗമാണെന്നും കൂട്ടിച്ചേര്‍ത്തു. കന്നുകാലി കടത്തുമായി ബന്ധപ്പെട്ട ഒരു കേസിലാണ് കോടതിയുടെ പരാമര്‍ശം.
‘ഗോമൂത്രം നിരവധി മാരക അസുഖങ്ങള്‍ക്കുള്ള പരിഹാരമാണ്. 68 കോടി പുണ്യസ്ഥലങ്ങളുടെയും 33 കോടി ദൈവങ്ങളുടെയും സംഗ്രഹമായ ജീവനുള്ള ഗ്രഹമാണ് പശു. പശുവിന്റെ ഒരു തുള്ളി രക്തം പോലും ഭൂമിയില്‍ പതിക്കാത്ത ദിവസം ഭൂമിയിലെ എല്ലാ പ്രശ്‌നങ്ങളും അവസാനിക്കും. പശുക്കളെ പീഡിപ്പിച്ചാല്‍ കാലാവസ്ഥ വ്യതിയാനം സംഭവിക്കും,’ കോടതി പറഞ്ഞു.
Can’t imagine Universe without cows; all problems on Earth will be solved if cow slaughter is prevented: Gujarat Court
കേസില്‍ മഹാരാഷ്ട്രയില്‍ നിന്ന് കന്നുകാലികളെ കടത്തിയതിന് മുഹമമ്മദ് അമീന്‍ എന്ന യുവാവിന് ജീവപര്യന്തം തടവ് വിധിക്കുകയും അഞ്ച് ലക്ഷം രൂപ പിഴയിടുകയും ചെയ്തു.
2020 ഓഗസ്റ്റ് ഏഴിന് 16 പശുക്കളെ അനധികൃതമായി ട്രക്കില്‍ കടത്തിയതിനാണ് കേസ്. ഗുജറാത്ത് കണ്‍ട്രോള്‍ ഓഫ് അനിമല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓര്‍ഡര്‍, മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് യുവാവിനെതിരെ കേസെടുത്തിരുന്നത്.