| Sunday, 2nd April 2023, 7:50 am

2002 ​ഗുജറാത്ത് കലാപത്തിലെ കൂട്ടബലാത്സം​ഗ, കൊലപാതക കേസുകളിലെ പ്രതികളെ വെറുതെ വിട്ട് ​ഗുജറാത്ത് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: നിരവധി ന്യൂനപക്ഷ വിഭാ​ഗക്കാരുടെ മരണത്തിന് ഇടയാക്കിയ 2002 ​ഗുജറാത്ത് കലാപത്തിലെ പ്രതികളെ വെറുതെവിട്ട് ​ഗുജറാത്ത് കോടതി. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി 26 പേരെയാണ് കേസിൽ കോടതി വെറുതെവിട്ടത്.

39 പേരെയായിരുന്നു കേസിൽ പ്രതി ചേർത്തിരുന്നത്. ഇതിൽ 13 പേർ കേസ് പുരോ​ഗമിക്കുന്നതിനിടെ മരണപ്പെട്ടിരുന്നു. അവശേഷിക്കുന്ന 26 പേരെയാണ് കോടതി വെറുതെവിട്ടത്. കൊലപാതകം, കൂട്ടബലാത്സം​ഗം, കലാപ ശ്രമം തുടങ്ങിയ വകുപ്പുകളിൽ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു ഇവർ.

ഗുജറാത്തിലെ ഹാലോൾ അഡീഷണൽ സെഷൻസ് ജഡ്ജി ലീലാഭായ് ചുദാസമയാണ് വിധി പ്രസ്താവിച്ചത്.

മാർച്ച് 1 2002ലായിരുന്നു കേസിനാസ്പദമായ സംഭവം. ഫെബ്രുവരി 27ന് ​ഗോധ്രയിലെ ട്രെയിൻ കത്തിച്ച സംഭവത്തിന് പിന്നാലെ ഏർപ്പെടുത്തിയ ബന്ദിനിടെയായിരുന്നു ഇവർ പ്രദേശത്ത് ആക്രമം അഴിച്ചുവിട്ടത്. അതേ വർഷം മാർച്ച് 2ന് കലോളിൽ ഇവർക്കെതിരെ എഫ്.ഐ.ആറും രജിസ്റ്റർ ചെയ്തിരുന്നു.

2002 മാർച്ച് 1 ന് നടന്ന കലാപത്തിൽ 2000ത്തിലധികം ആളുകളാണ് പരസ്പരം ഏറ്റുമുട്ടിയത്. അക്രമികൾ കടകൾ നശിപ്പിക്കുകയും തീയിടുകയും ചെയ്തു. മസ്ജിദിൽ നിന്ന് പുറത്തിറങ്ങിയ ഒരാളെ ജനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തുകയും മൃതദേഹം പള്ളിക്കുള്ളിൽ വെച്ച് കത്തിച്ച സംഭവവും അന്ന് അരങ്ങേറിയിരുന്നു. ദെലോൾ ഗ്രാമത്തിൽ നിന്ന് പലായനം ചെയ്ത് കലോളിലേക്ക് വരികയായിരുന്ന 38 പേർ അക്രമിക്കപ്പെടുകയും അവരിൽ 11 പേരെ ജീവനോടെ ചുട്ടെരിക്കുകയും ചെയ്ത സംഭവവും നടന്നത് ഇതേ ദിവസമായിരുന്നു.

190 സാക്ഷികളെയാണ് കേസിൽ കോടതി വിസ്തരിച്ചത്. എന്നാൽ ഇവരുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

Content Highlight: Gujarat Court acquitted all accused in 2002 gangrape, riot case

We use cookies to give you the best possible experience. Learn more