| Tuesday, 18th February 2020, 10:50 am

ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം: മതില്‍ പണിഞ്ഞതിന് പിന്നാലെ അഹമ്മദാബാദില്‍ 4000 ത്തോളം ചേരിനിവാസികളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗാന്ധിനഗര്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി അഹമ്മദാബാദിലെ മതില്‍ കെട്ടിയ നടപടിക്കു പിന്നാലെ ചേരിപ്രദേശം ഒഴിപ്പിക്കാന്‍ നീക്കം. ഏഴുദിവസത്തിനകം ചേരി നിവസികളോട് വീടൊഴിയണമെന്ന് അറിയിച്ച് നോട്ടീസ്.

അഹമ്മദാബാദിലെ അഞ്ച് കോളനികളിലുള്ള 4000ത്തോളം പേരോടാണ് വീടൊഴിയാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുള്ളത്. മുംബൈ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ചേരികളുള്ള പ്രദേശമാണ് ഗുജറാത്ത്.

അനധികൃതമായാണ് ചേരി നിവാസികള്‍ ഇവിടെ താമസിക്കുന്നതെന്നാണ് ചേരികളൊഴിയാനുള്ള കാരണമായി നഗരസഭ കാണിക്കുന്നത്. അതുകൊണ്ടു തന്നെ നമസ്‌തേ ട്രംപ് പരിപാടിയുമായി ഇതിന് ബന്ധമില്ലെന്നാണ് നഗരസഭയുടെ മറുപടി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കുന്ന റോഡ് ഷോ കടന്നു പോകാന്‍ സാധ്യതയുള്ള ചേരി പ്രദേശങ്ങള്‍ മറയ്ക്കുന്നതിനായാണ് നഗരസഭ മതില്‍ കെട്ടിതുടങ്ങിയത്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ ഇന്ദിരാ ബ്രിഡ്ജുമായി ബന്ധിപ്പിക്കുന്ന റോഡിനരികിലാണ് മതില്‍ പണിഞ്ഞത്.

അരകിലോമീറ്ററിലധികം നീളവും ആറ് മുതല്‍ ഏഴ് അടി വരെ ഉയരത്തിലും മതില്‍ പണിയുന്നത് വിവാദമായിരുന്നു. അതേ തുടര്‍ന്ന് മതിലിന്റെ ഉയരം ആറടിയില്‍ നിന്നും നാലടിയായി കുറച്ചിരുന്നു.

ഫെബ്രുവരി 24-25 തിയ്യതികളിലായിട്ടാണ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം. ട്രംപ് ആദ്യമായാണ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. സന്ദര്‍ശനത്തില്‍ ഇന്ത്യയുമായി വ്യാപാരക്കരാര്‍ ഒപ്പിടാനാകുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more