ഗുജറാത്തില്‍ വോട്ടെടുപ്പിനിടെ 'മോദിയുടെ റോഡ് ഷോ'; പരാതിയുമായി കോണ്‍ഗ്രസ്, നിരാശ വ്യക്തമാണെന്ന് ബി.ജെ.പി
national news
ഗുജറാത്തില്‍ വോട്ടെടുപ്പിനിടെ 'മോദിയുടെ റോഡ് ഷോ'; പരാതിയുമായി കോണ്‍ഗ്രസ്, നിരാശ വ്യക്തമാണെന്ന് ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th December 2022, 11:46 pm

അഹമ്മദാബാദ്: ഗുജറാത്തില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ് ഷോ നടത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ഗുജറാത്ത് കോണ്‍ഗ്രസ്.

മോദി തെരഞ്ഞെടുപ്പ് ദിവസം തന്നെ റോഡ് ഷോ നടത്തിയത് നിയമലംഘനമാണെന്ന് കാണിച്ചാണ് കോണ്‍ഗ്രസിന്റെ പരാതി. തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ ബാലുഭായ് പട്ടേലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത്.

‘തെരഞ്ഞെടുപ്പ് ചട്ട പ്രകാരം തെരഞ്ഞെടുപ്പ് ദിവസം റോഡ് ഷോയോ സമാന രീതിയിലുള്ള മറ്റെന്തെങ്കിലുമോ സംഘടിപ്പിക്കാന്‍ പാടില്ല. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം പ്രധാനമന്ത്രി റോഡ് ഷോ നടത്തി. ഇത് ചട്ടങ്ങളുടെ പരസ്യമായ ലംഘനമാണ്’, എന്നാണ് കോണ്‍ഗ്രസ് പരാതിയില്‍ പറയുന്നത്.

പ്രധാനമന്ത്രി ജനങ്ങളെ സ്വാധീനിക്കാന്‍ വളരെ മോശമായ തരത്തില്‍ തുടര്‍ച്ചയായി നിയമങ്ങള്‍ ലംഘിച്ചെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. പ്രധാനമന്ത്രി വോട്ട് ചെയ്യുന്നത് തുടര്‍ച്ചയായി എല്ലാ വാര്‍ത്ത ചാനലുകളിലും സംപ്രേക്ഷണം ചെയ്തു. നിയമം ഈ സംപ്രേക്ഷണം അനുവദിക്കുന്നില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

‘തെരഞ്ഞെടുപ്പ് കമ്മീഷനെ തങ്ങള്‍ സമീപിച്ചെങ്കിലും അവര്‍ തങ്ങളെ കേള്‍ക്കാന്‍ തയ്യാറാകുന്നില്ല. മാന്യത വിട്ടും മോശമായുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ഫോണ്‍ കോളുകള്‍ക്ക് മറുപടി നല്‍കുന്നത്. അവര്‍ കോളില്‍ മോശമായി സംസാരിക്കുന്ന റെക്കോര്‍ഡുകള്‍ ഞങ്ങളുടെ കൈവശമുണ്ട്.

മോദിയും ബി.ജെ.പിയുമായി മുഴുവന്‍ സംവിധാനവും ചേര്‍ന്നുവെന്ന് ഞങ്ങള്‍ക്ക് തോന്നുന്നു. സമയോചിതവും കര്‍ശനവുമായ നടപടി സ്വീകരിക്കുന്നതിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയിലുള്ള വിശ്വാസം പുനസ്ഥാപിക്കപ്പെടും,’ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തില്‍ പറയുന്നു.

അതിനിടെ, കോണ്‍ഗ്രസ് ആരോപണത്തിന് മറുപടിയുമായി ബി.ജെ.പിയും രംഗത്തെത്തി. കോണ്‍ഗ്രസിന് പരാതിപ്പെടാന്‍ അവകാശമുണ്ടെന്നും, എന്നാല്‍ പ്രധാനമന്ത്രി റോഡ് ഷോയോ ജാഥയോ നടത്തിയിട്ടില്ലെന്നും ഗുജറാത്ത് ബി.ജെ.പി അധ്യക്ഷന്‍ സി.ആര്‍. പാട്ടീല്‍ പറഞ്ഞു.

‘നരേന്ദ്ര മോദി ഒരു നിയമവും തെറ്റിച്ചിട്ടില്ല. അദ്ദേഹം കാറില്‍ നിന്നിറങ്ങി പോളിങ് ബൂത്തിലേക്ക് നടന്നു. ഇതിനെ റോഡ് ഷോ എന്ന് വിളിക്കുന്നവരുടെ നിരാശ വ്യക്തമാണ്,’ സി.ആര്‍. പാട്ടീല്‍ പറഞ്ഞു.

അതേസമയം, ഗുജറാത്തിലെ 93 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പാണ് തിങ്കളാഴ്ച നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അഹമ്മദാബാദിലെ വിവിധ പോളിംഗ് ബൂത്തുകളില്‍ ആണ് വോട്ട് രേഖപ്പെടുത്തിയത്. ഡിസംബര്‍ എട്ട് വ്യാഴാഴ്ചയാണ് വോട്ടെണ്ണല്‍.

Content Highlight: Gujarat Congress writes to EC over PM Modi’s ‘roadshow’ after casting vote