| Tuesday, 7th November 2017, 8:25 am

ഗുജറാത്തില്‍ 3350 വി.വിപാറ്റുകളില്‍ അട്ടിമറി കണ്ടെത്തിയ സംഭവം: തെരഞ്ഞെടുപ്പു കമ്മീഷന് ഹൈക്കോടതി നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ ക്രമക്കേട് കണ്ടെത്തിയ പശ്ചാത്തലത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഹൈക്കോടതിയില്‍. കോണ്‍ഗ്രസിന്റെ പരാതിയില്‍ തെരഞ്ഞെടുപ്പു കമ്മീഷന് നോട്ടീസ് നല്‍കിയിരിക്കുകയാണ് ഹൈക്കോടതി.

തെരഞ്ഞെടുപ്പിനു മുന്നോടിയായി കമ്മീഷന്‍ നടത്തിയ ആദ്യഘട്ട വി.വി.പാറ്റ് പരിശോധനയില്‍ 7% മെഷീനുകളും തകരാറുകളുള്ളതോ ക്രമക്കേട് നടന്നതോ ആണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചാണ് പരാതി.

കേടുപാടുകളോ ക്രമക്കേടുകളോ സംഭവിച്ച ഇ.വി.എമ്മുകളുമായി ബന്ധപ്പെട്ട് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. വിദഗ്ധ പാനല്‍ വി.വിപാറ്റുകളും ഇ.വി.എമ്മുകളും പരിശോധിച്ച് കോടതിക്കു മുമ്പില്‍ റിപ്പോര്‍ട്ടു നല്‍കണമെന്നും അതുവഴി സുതാര്യവും കുറ്റമറ്റതുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹര്‍ജിയില്‍ ആദ്യഘട്ട വാദംകേട്ടശേഷമാണ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസര്‍ക്കാറിനും നോട്ടീസ് നല്‍കിയത്.

ആദ്യഘട്ട പരിശോധനയില്‍ കണ്ടത് വോട്ടര്‍മാര്‍ ഏത് പാര്‍ട്ടിക്കു വോട്ടു ചെയ്താലും ബി.ജെ.പിക്കു മാത്രം വോട്ടു ലഭിക്കുന്നതായാണ്. സുരേന്ദ്രനഗര്‍, പതാന്‍ തുടങ്ങിയ ഇടങ്ങളിലെ വി.വി.പാറ്റില്‍ ആര്‍ക്കു വോട്ടുചെയ്താലും സ്ലിപ്പുകള്‍ ബ്ലാങ്കായാണ് വരുന്നതെന്നും കണ്ടെത്തിയിരുന്നു.


Also Read: ഗുജറാത്ത് പിടിക്കാന്‍ രാഹുലിനു രഹസ്യസേന; 40 അംഗ സേനാംഗങ്ങളുടെ ചുമതല ജനവികാരം മനസിലാക്കല്‍


കഴിഞ്ഞദിവസം നടത്തിയ ആദ്യഘട്ട പരിശോധനയില്‍ 3550 വി.വി.പാറ്റുകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇവ നിരസിച്ചിരുന്നു. ജംനാഗര്‍, ദേവ്ഭൂമി ദ്വാരക എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവുമധികം വി.വിപാറ്റുകള്‍ തള്ളിയത്.

70182 വി.വിപാറ്റുകളാണ് ഗുജറാത്ത് തെരഞ്ഞെടുപ്പുകള്‍ക്കായി ഉപയോഗിക്കുക. ഇതില്‍ 46000 ഡിവൈസുകള്‍ പുതിയവയാണ്. ബംഗളുരുവിലെ ഭാരത് ഇലക്ട്രോണിക് ലിമിറ്റഡില്‍ നിന്നും ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്നും ഇത് നേരിട്ട് ഗുജറാത്തില്‍ എത്തിക്കും. ബാക്കിയുള്ളത് പഞ്ചാബ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗോവ, രാജസ്ഥാന്‍, പശ്ചിമബംഗാള്‍, തമിഴ്നാട്, ജാര്‍ഖണ്ഡ്, ഹരിയാന, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് കൊണ്ടുവരിക.

We use cookies to give you the best possible experience. Learn more