| Friday, 5th July 2019, 8:50 am

ഗുജറാത്തില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം; രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് ഇന്ന്; 'ക്രോസ്സ് വോട്ടിങ്' ഭയന്ന് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബനസ്‌കന്ദ: ഗുജറാത്തില്‍ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് ‘പ്രമാണിച്ച്’ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. രണ്ടു രാജ്യസഭാ സീറ്റുകളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഇന്നലെ ഒരുദിവസം ബനസ്‌കന്ദയിലെ ബാലറാം പാലസ് റിസോര്‍ട്ടിലാണു കഴിഞ്ഞത്.

തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനായി ഇന്നു രാവിലെ ഇവര്‍ ഗാന്ധിനഗറിലേക്കു തിരിച്ചിട്ടുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പത്തോളം കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്കു ചേക്കേറിയതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ബി.ജെ.പി സ്ഥാനാര്‍ഥികളായ എസ്. ജയശങ്കര്‍, ജുഗാല്‍ജി ഠാക്കൂര്‍ എന്നിവര്‍ക്കായി തങ്ങളുടെ എം.എല്‍.എമാര്‍ ക്രോസ്സ് വോട്ട് ചെയ്‌തേക്കുമോ ആശങ്കയിലാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് ഇപ്പോഴും. വിമത എം.എല്‍.എ അല്‍പ്പേഷ് ഠാക്കൂര്‍ അദ്ദേഹത്തോടൊപ്പമുള്ള എം.എല്‍.എമാരും ക്രോസ്സ് വോട്ടിങ് നടത്തുമെന്ന് അഭ്യൂഹങ്ങളുണ്ട്.

മുന്‍മന്ത്രി ചന്ദ്രിക ചൗദസാമ, പ്രാദേശികനേതാവായ ഗൗരവ് പാണ്ഡ്യ എന്നിവരെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി നിര്‍ത്തിയിരിക്കുന്നത്.

നിയമസഭയില്‍ 100 അംഗങ്ങളുള്ള ബി.ജെ.പി തന്നെയാണ് രണ്ട് സീറ്റുകളിലും വിജയിക്കാന്‍ സാധ്യത. 71 സീറ്റാണ് കോണ്‍ഗ്രസിനുള്ളത്. ലോക്‌സഭയിലേക്കു വിജയിച്ചതോടെ രാജ്യസഭാംഗത്വം രാജിവെച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, വനിതാ-ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി എന്നിവരുടെ ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ്.

2017 ഓഗസ്റ്റില്‍ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തങ്ങളുടെ 44 എം.എല്‍.എമാരെ റിസോര്‍ട്ടിലേക്കു മാറ്റിയിരുന്നു. തുടര്‍ന്നുനടന്ന തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ ജയിച്ചുകയറുകയായിരുന്നു.

We use cookies to give you the best possible experience. Learn more