രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഒരു വലിയ വിജയമാണെന്നും രാജ്യത്തെ ജനങ്ങള്‍ യാത്രയിലൂടെ വലിയ രീതിയില്‍ സ്വാധീനിക്കപ്പെട്ടിട്ടുണ്ടെന്നും ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവും നിയുക്ത എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി.
രാഷ്ട്രീയ നേട്ടങ്ങള്‍ക്കപ്പുറത്തുള്ള, ജനങ്ങള്‍ക്ക് മേല്‍ തന്റെ സ്നേഹവും കരുതലും പ്രകടിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ ഭാഗത്ത് നിന്നുള്ള സത്യസന്ധമായ ശ്രമമാണ് ഭാരത് ജോഡോ യാത്രയെന്നും അത് ഇതിനോടകം തന്നെ കോണ്‍ഗ്രസിനെയും രാജ്യത്തെയും ഒന്നിപ്പിക്കുന്നുണ്ടെന്നും മേവാനി കൂട്ടിച്ചേര്‍ത്തു. ഡൂള്‍ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ഭാരത് ജോഡോ യാത്ര ഒരു വലിയ വിജയമാണ് എന്ന് തന്നെയാണ് നമുക്ക് കാണാനാവുന്നത്. ജനങ്ങളില്‍ നിന്ന് യാത്രക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍ വളരെ വലുതും പ്രതീക്ഷയുള്ളതുമാണ്. യാത്ര എത്തിച്ചേരുന്ന സ്ഥലങ്ങളിലെല്ലാം തന്നെ വലിയ ജനക്കൂട്ടമാണ് കോണ്‍ഗ്രസിനെ പിന്തുണച്ചുകൊണ്ട് ഒത്തുചേരുന്നത്.
യഥാര്‍ത്ഥത്തില്‍ ഭാരത് ജോഡോ യാത്രക്ക് ഒരു തരംഗം തന്നെ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്. ആളുകള്‍ വലിയ രീതിയില്‍ മോട്ടിവേറ്റഡ് ആവുകയും ഇന്‍സ്പെയേര്‍ഡ് ആവുകയും ചെയ്യുന്നുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കേഡറുകള്‍ക്കും വോട്ടര്‍മാര്‍ക്കും വലിയ ഊര്‍ജമാണ് യാത്ര നല്‍കുന്നത്. അത് വളരെ പോസിറ്റീവായ കാര്യമാണെന്നാണ് എന്റെ വിലയിരുത്തല്‍.
ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം ചിലപ്പോള്‍ ഗുജറാത്തില്‍ നിന്നും ആരംഭിച്ചേക്കാം. പാര്‍ട്ടിയുടെ ഭാവി പരിപാടികളെ കുറിച്ച് എനിക്ക് പൂര്‍ണമായും ധാരണയില്ല. എങ്കിലും ഗുജറാത്തില്‍ യാത്ര നടത്തുമെന്നാണ് ഞാനും കേള്‍ക്കുന്നത്.
അങ്ങനെ സംഭവിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഗുജറാത്തിലെ കോണ്‍ഗ്രസിനെ അത് ആഴത്തില്‍ സഹായിക്കുമെന്നുറപ്പാണ്. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനും അത് ഉപകാരപ്പെടും.
ഭാരത് ജോഡോ യാത്ര ഇതിനോടകം തന്നെ രാജ്യത്ത് വലിയ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയെ കുറിച്ച് ജനങ്ങള്‍ക്കുണ്ടായിരുന്ന മനോഭാവത്തെ യാത്ര തീര്‍ച്ചയായും മെച്ചപ്പെടുത്തിയിട്ടുണ്ട്.
മഹാത്മാ ഗാന്ധിയും ബി.ആര്‍. അംബേദ്കറും മുതലുള്ള നേതാക്കള്‍ ഇത്തരത്തില്‍ മാര്‍ച്ചുകളും യാത്രകളും സത്യാഗ്രഹങ്ങളും നടത്തിയവരാണ്. ഇത്തരം യാത്രകള്‍ തീര്‍ച്ചയായും അവര്‍ക്ക് രാഷ്ട്രീയ നേട്ടങ്ങളും ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്. ഇതേകാര്യം കോണ്‍ഗ്രസിനും ബാധകമാണ്.
എന്നാല്‍ ഇലക്ടറല്‍ പൊളിറ്റിക്സിനും അപ്പുറത്താണ് ഭാരത് ജോഡോ യാത്ര. ജനങ്ങള്‍ക്ക് മേലുള്ള തന്റെ സ്നേഹവും കരുതലും പ്രകടിപ്പിക്കാന്‍ രാഹുല്‍ ജിയുടെ ഭാഗത്ത് നിന്നുമുള്ള സത്യസന്ധമായ ശ്രമമാണിത്. ബി.ജെ.പിയും ആര്‍.എസ്.എസും അഴിച്ചുവിടുന്ന അതിക്രമങ്ങള്‍ കാരണം ജനങ്ങള്‍ അത്രയും ബുദ്ധിമുട്ടുകയും ജീവിതത്തില്‍ പ്രതിസന്ധി നേരിടുകയും ചെയ്യുന്ന സമയത്ത് കൂടിയാണ് ഈ യാത്ര.
ജനങ്ങളോട് സ്നേഹത്തോടെയും കരുതലോടെയും പെരുമാറുക എന്ന് പറയുന്നത് ചെറിയ കാര്യമല്ല. അതാണ് രാഹുല്‍ ജിയും കോണ്‍ഗ്രസും ഇപ്പോള്‍ ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഭാരത് ജോഡോ യാത്ര നടക്കുന്നതില്‍ ഞാന്‍ സന്തോഷവാനാണ്. ഇത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന മാറ്റങ്ങളുടെ കാര്യത്തില്‍ ഞാന്‍ വളരെയധികം പ്രതീക്ഷയര്‍പ്പിക്കുന്നുമുണ്ട്.
കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര രാഷ്ട്രീയ വിഷയങ്ങളെ കുറിച്ചും തര്‍ക്കങ്ങളെ കുറിച്ചും ചോദിക്കുകയാണെങ്കില്‍, ഭാരത് ജോഡോ യാത്ര ഇതിനോടകം തന്നെ പാര്‍ട്ടിയെ ഒന്നിപ്പിച്ചിട്ടുണ്ട്, രാജ്യത്തെ ഒന്നിപ്പിക്കുന്നുണ്ട്, ജനങ്ങളുടെ ഹൃദയത്തെ ഒരുമിപ്പിക്കുന്നുണ്ട്,” ജിഗ്നേഷ് മേവാനി ഡൂള്‍ന്യൂസിനോട് പറഞ്ഞു.
അതേസമയം, ഭാരത് ജോഡോ യാത്ര ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഗുണമുണ്ടാക്കിയില്ലല്ലോ എന്ന ചോദ്യത്തിന്, ‘യാത്രയെ നിങ്ങള്‍ ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി പരിശോധിക്കുകയാണെങ്കില്‍, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ് ഫലത്തെ ഇതുമായി ചേര്‍ത്ത് വായിക്കാത്തതെന്താണ് എന്ന് സ്വാഭാവികമായും എനിക്ക് തിരിച്ച് ചോദിക്കേണ്ടി വരും. ചില സംസ്ഥാനങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ മറുവശത്ത് മറ്റ് ചിലത് നമ്മള്‍ വിജയിച്ച് നേടുന്നുണ്ട്,’ എന്നായിരുന്നു ജിഗ്നേഷിന്റ മറുപടി.
അതേസമയം, 2022 ഗുജറാത്ത് നിയസഭാ തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിക്കൊണ്ടാണ് ബി.ജെ.പി തുടര്‍ച്ചയായ ഏഴാം തവണ അധികാരത്തിലെത്തിയിരിക്കുന്നത്. ആകെയുള്ള 182 നിയമസഭാ സീറ്റുകളില്‍ 156 എണ്ണത്തില്‍ ബി.ജെ.പി വിജയിച്ചപ്പോള്‍ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമായ 17 സീറ്റുകളിലേക്ക് കോണ്‍ഗ്രസ് ഒതുങ്ങി.
Content Highlight: Gujarat Congress leader Jignesh Mevani talks about Rahul Gandhi’s Bharat Jodo Yatra