ഗുജറാത്ത് കോണ്‍ഗ്രസില്‍ അസ്വാരസ്യം; അവസരം മുതലെടുക്കാന്‍ കച്ചകെട്ടി ആം ആദ്മി
national news
ഗുജറാത്ത് കോണ്‍ഗ്രസില്‍ അസ്വാരസ്യം; അവസരം മുതലെടുക്കാന്‍ കച്ചകെട്ടി ആം ആദ്മി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th April 2022, 8:54 am

അഹമ്മദാബാദ്: ഗുജറാത്ത് കോണ്‍ഗ്രസില്‍ അസ്വാരസ്യം. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള അതൃപ്തി വ്യക്തമാക്കി പാര്‍ട്ടി ഗുജറാത്ത് വര്‍ക്കിങ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേല്‍ രംഗത്തെത്തി.
ഹാര്‍ദിക് തന്റെ അതൃപ്തി തുറന്നുകാട്ടിയതിന് പിന്നാലെ ആം ആദ്മി രംഗത്തെത്തിയിട്ടുണ്ട്.

കോണ്‍ഗ്രസില്‍ സംതൃപ്തനല്ലെങ്കില്‍ അദ്ദേഹത്തെ ആം ആദ്മിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഗോപാല്‍ ഇതാലിയ പറഞ്ഞു.

ഹാര്‍ദിക് പട്ടേലിനായി തങ്ങളുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും ഗുജറാത്തില്‍ പട്ടേലിനെപ്പോലുള്ള പോരാളിയായ യുവ നേതാവിനെ തീര്‍ച്ചയായും സ്വാഗതം ചെയ്യുമെന്നും പട്ടേല്‍ സമുദായത്തിനിടയില്‍ അദ്ദേഹത്തിനുള്ള സ്വീകാര്യത തങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കോണ്‍ഗ്രസില്‍ തനിക്ക് അവഗണനയാണെന്നും ഒരുകാര്യവും ചര്‍ച്ചചെയ്യാറില്ലെന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞിരുന്നു. ‘വന്ധ്യംകരണത്തിന് വിധേയനാക്കപ്പെട്ട നവവര’ന്റെ അവസ്ഥയിലാണ് താനെന്ന് ഹാര്‍ദിക് പറഞ്ഞിരുന്നു.

75 ജനറല്‍ സെക്രട്ടറിമാരെ നിയമിച്ചപ്പോള്‍ ആലോചിച്ചില്ലെന്നും പി.സി.സി. യോഗം അറിയിക്കാറില്ല. സമുദായനേതാവ് നരേഷ് പട്ടേലിനെ പാര്‍ട്ടിയിലെത്തിക്കും എന്നുപറയുന്നതല്ലാതെ ഒന്നുംചെയ്യുന്നില്ലെന്നും ഹാര്‍ദിക് പറഞ്ഞിരുന്നു.

 

Content Highlights: Gujarat Congress Disputes