| Sunday, 7th March 2021, 8:37 pm

ഗുജറാത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വേണ്ടത്ര ചുമതലകള്‍ തന്നില്ല; സീറ്റ് നിര്‍ണ്ണയത്തിലെ തന്റെ അഭിപ്രായങ്ങള്‍ പരിഗണിച്ചില്ലെന്ന് ഹാര്‍ദിക് പട്ടേല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ തനിക്ക് വേണ്ടത്ര ചുമതലകള്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയില്ലെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അധ്യക്ഷന്‍ ഹാര്‍ദിക് പട്ടേല്‍. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന സീറ്റ് വിതരണചര്‍ച്ചയിലും തന്റെ അഭിപ്രായങ്ങളെ പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പാര്‍ട്ടി വിട്ടുപോകാനുള്ള തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും കോണ്‍ഗ്രസില്‍ തന്നെ തുടരുമെന്നും ഹാര്‍ദിക് പറഞ്ഞു. നേതൃത്വം തനിക്ക് നല്‍കുന്ന ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുമെന്നും ഹാര്‍ദിക് മാധ്യമങ്ങളോട് പറഞ്ഞു.

ഗുജറാത്തില്‍ ഒരു ശക്തമായ പ്രതിപക്ഷമായി മാറുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്ന് ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഹൈക്കമാന്റ് ഇടപെടല്‍ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്തിലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് ഹാര്‍ദികിന്റെ പ്രതികരണം.

81 മുനിസിപ്പാലിറ്റികളും 31 ജില്ലാ പഞ്ചായത്തുകളും 231 താലൂക്ക് പഞ്ചായത്തുകളും ഉള്‍പ്പെടുന്ന ഗുജറാത്തിലെ 27 ജില്ലകളിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മാര്‍ച്ച് രണ്ടിനായിരുന്നു. കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ട തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു.

നേരത്തെ ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്കായി നടന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബി.ജെ.പി വിജയിച്ചിരുന്നു. 576 സീറ്റുകളില്‍ 483 സീറ്റുകളും ബി.ജെ.പി നേടിയിരുന്നു. ആം ആദ്മി പാര്‍ട്ടിയും സൂറത്തില്‍ 27 സീറ്റുകള്‍ നേടിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Content Highlights: Gujarat Congress didn’t give me any work in local body polls says hardik patel

We use cookies to give you the best possible experience. Learn more