| Saturday, 28th December 2019, 10:32 pm

'ജനങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ ചവിട്ടിമെതിക്കുന്നു' ബി.ജെ.പിക്കെതിരെ രണ്ടാം സ്വാതന്ത്രസമരം ആവശ്യമാണെന്നും ഗുജറാത്ത് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: നരേന്ദ്ര മോദി ഭരണത്തെ ബ്രിട്ടീഷ് ഭരണത്തോട് ഉപമിച്ച് ഗുജറാത്ത് കോണ്‍ഗ്രസ്.
ബി.ജെ.പിയെ ഭരണത്തില്‍ നിന്ന് പുറത്താക്കണമെങ്കില്‍ രണ്ടാം സ്വാതന്ത്ര സമരം നയിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

”കഴിഞ്ഞ ആറുവര്‍ഷമായി അധികാരത്തിലിരിക്കുന്ന ബി.ജെ.പി സര്‍ക്കാരിനു കീഴില്‍ രാജ്യം പിന്നോട്ട് പോകുന്നതായി തോന്നുന്നു. സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്മ, കൃഷി എന്നീ രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളോട് പ്രധാനമന്ത്രി (നരേന്ദ്ര മോദി) പ്രതികരിക്കുന്നില്ല.” പാര്‍ട്ടി ചുമതലയുള്ള രാജീവ് സതവ് പറഞ്ഞു.

‘ഞങ്ങളുടെ സ്ഥാപക ദിനത്തില്‍, രണ്ടാം സ്വാതന്ത്ര്യത്തിനായി ഒരു പോരാട്ടം ആരംഭിക്കുമെന്നും ബാപ്പു (മഹാത്മാഗാന്ധി) സ്വപ്നം കണ്ട രാജ്യത്തെ വീണ്ടെടുക്കുന്നതിനായി പ്രവര്‍ത്തിക്കുമെന്നും ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു,’ അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ അധികാരത്തില്‍ വന്നശേഷം കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന പ്രതിജ്ഞ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിറവേറ്റി.

”ബി.ജെ.പിക്ക് തങ്ങളുടെ രാഷ്ട്രീയ സഖ്യകക്ഷിയായ ശിവസേനയെ ഒരുമിച്ച് നിര്‍ത്താന്‍ കഴിയാത്ത മഹാരാഷ്ട്രയില്‍ പോലും ഞങ്ങള്‍ കര്‍ഷകരുടെ രണ്ട് ലക്ഷം രൂപ വായ്പ എഴുതിത്തള്ളി.” അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നുണ പ്രചരിപ്പിച്ചുവെന്നും സതവ് ആരോപിച്ചു.

നുണ പ്രചരിപ്പിക്കുന്നതില്‍ പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും വെല്ലുവിളിക്കാന്‍ കഴിയില്ലെന്നും നുണ പ്രചരിപ്പിക്കുന്നവരില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സര്‍ക്കാര്‍ ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുന്നുവെന്നും ജനാധിപത്യത്തിന്റെ പേരില്‍ രാജ്യത്തെ ഭിന്നിപ്പിക്കുകയാണെന്നും ജനങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ ചവിട്ടിമെതിക്കുകയാണെന്നും സംസ്ഥാന യൂണിറ്റ് മേധാവി അമിത് ചാവ്ദ ആരോപിച്ചു.

We use cookies to give you the best possible experience. Learn more