| Friday, 19th June 2020, 8:26 pm

ബി.ജെ.പിയ്ക്ക് വോട്ട് ചെയ്തത് അയോഗ്യനാക്കിയ എം.എല്‍.എയും പകരക്കാരനും; തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് കോണ്‍ഗ്രസ്, ഗുജറാത്തില്‍ വോട്ടെണ്ണല്‍ മാറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത രണ്ട് ബി.ജെ.പി എം.എല്‍.എമാരുടെ വോട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ഇതോടെ ഗുജറാത്തിലെ വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

ബി.ജെ.പി എം.എല്‍.എ കേസരി സിങിനും ഭുപേന്ദ്ര സിങ് ചുദാസമയ്ക്കും എതിരെയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്. ഭുപേന്ദ്ര സിങിന്റെ നിയമസഭയിലേക്കുള്ള വിജയം ഹൈക്കോടതി റദ്ദാക്കിയിട്ടുള്ളതാണെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. കേസരി സിങ് പകരക്കാരനെ വെച്ചാണ് വോട്ടുചെയ്തതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

അതേസമയം, രണ്ട് ബി.ടി.പി എം.എല്‍.എമാര്‍ വോട്ട് ചെയ്യില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും സംബന്ധിച്ചിടത്തോളം ഇവരുടെ വോട്ടുകള്‍ നിര്‍ണായകമാണ്.

വിഷയം പരിഗണിച്ച് തീരുമാനമാകുന്നതുവരെ വോട്ടെണ്ണല്‍ നീട്ടിവെക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം.

ഏറെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കൊടുവിലാണ് ഗുജറാത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. എട്ട് എം.എല്‍.എമാര്‍ രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ കോണ്‍ഗ്രസ് എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. എം.എല്‍.എമാരുടെ രാജിയോടെ നാല് രാജ്യസഭ സീറ്റുകളില്‍ രണ്ടെണ്ണത്തില്‍ വിജയിക്കാനുള്ള സാധ്യത കോണ്‍ഗ്രസിന് നഷ്ടമായിരുന്നു.

പാര്‍ട്ടി വക്താവ് കൂടിയായ ശക്തിസിങ് ഗോഹില്‍, മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭരത് സിങ് സോളങ്കി, എന്നിവരെയാണ് കോണ്‍ഗ്രസ് രാജ്യസഭാ സീറ്റിലേക്ക് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പുതിയ നീക്കങ്ങളോടെ ഒരാളെ മാത്രമേ വിജയിപ്പിക്കാനാവൂ എന്ന അവസ്ഥയിലാണ് കോണ്‍ഗ്രസ്.

103 അംഗങ്ങളുള്ള ബി.ജെ.പിക്ക് രണ്ട് പേരെ കൂടിയാണ് രാജ്യസഭാ സീറ്റുറപ്പിക്കാന്‍ വേണ്ടത്. റമീള ഭാര, അഭയ് ഭരദ്വാജ്, നരഹരി അമിന്‍ എന്നിവരാണ് ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥികള്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more