പടാന്‍: ഗുജറാത്തിലെ വഡാവലി ഗ്രാമത്തില്‍ ശനിയാഴ്ചയുണ്ടായ വര്‍ഗീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 13 പേര്‍ അറസ്റ്റിലെന്ന് പൊലീസ്. സുന്‍സാര്‍, ധുര്‍പുരി ഗ്രാമത്തില്‍ നിന്നുള്ളവരെയാണ് അറസ്റ്റു ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി.
വിദ്യാര്‍ഥികള്‍ക്കിടയിലുണ്ടായ സംഘര്‍ഷമാണ് രണ്ടുപേരുടെ കൊലപാതകത്തിലേക്കു നയിച്ച കലാപത്തിനു വഴിവെച്ചതെന്നാണ് കലാപത്തെ അതിജീവിച്ച അംസാദ് ബെലിം എന്ന 19കാരന്‍ പറയുന്നത്.
“ഉച്ചയ്ക്ക് സഹോദരനൊപ്പം വയലില്‍ നിന്നും ഭക്ഷണം കഴിക്കാനായി വീട്ടിലേക്കു തിരിച്ച സമയത്താണ് സുന്‍സാര്‍ ഗ്രാമത്തിലെ ഒരുകൂട്ടം യുവാക്കള്‍ “നിങ്ങള്‍ മുസ്‌ലീങ്ങളെയെല്ലാം ഞങ്ങള്‍ കൊല്ലും” എന്ന് ആര്‍ത്തുവിളിച്ചുകൊണ്ടു ഗ്രാമത്തിലേക്കു വന്നത്. ഞങ്ങളുടെ ഗ്രാമത്തിലെ മുതിര്‍ന്നയാളുകള്‍ അവരെ അനുനയിപ്പിച്ച് തിരിച്ചയച്ചു.” അന്നത്തെ സംഭവങ്ങള്‍ ഓര്‍ത്തുകൊണ്ട് അംസദ് പറയുന്നു.
മൂന്നു തവണയാണ് രോഷാകുലരായ ഒരു കൂട്ടമാളുകള്‍ തങ്ങളുടെ ഗ്രാമത്തെ ലക്ഷ്യമിട്ട് എത്തിയത്. മിക്കയാളുകളും സുന്‍സാറില്‍ നിന്നുള്ള താകോര്‍ ജാതിയില്‍ നിന്നുള്ളവരായിരുന്നു. വാഡാവലിയിലെ 1500ഓളം മുസ്‌ലീങ്ങളുടെ കോളനിയായ വാഗ്ജിപാര ലക്ഷ്യമിട്ടാണ് അവരെത്തിയതെന്നും അംസദിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
മുദ്രാവാക്യം വിളിയുമായി ആദ്യമെത്തിയ യുവാക്കളുടെ സംഘം പിരിഞ്ഞുപോയെങ്കിലും വീണ്ടും കുറേക്കൂടിയാളുകള്‍ ഉള്‍പ്പെട്ട സംഘമെത്തിയതോടെ ഇത് അക്രമത്തിനു വഴിവെച്ചു. പിന്നീടുണ്ടായ സംഘര്‍ഷത്തില്‍ അംസദിന് അദ്ദേഹത്തിന്‌റെ പിതാവ് ഇബ്രാഹിംഖാന്‍ ലാല്‍ഖാന്‍ ബെലിം (45)നെ നഷ്ടമായി. 20ഓളം പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ അഞ്ചുപേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന് ഇരയായ എല്ലാവരും വാഗ്ജിപാര സ്വദേശികളായിരുന്നു.
25 വാഹനങ്ങള്‍ തകര്‍ത്തു. അതിലുമേറെ വീടുകള്‍ കൊള്ളയടിച്ചശേഷം അഗ്നിക്കിരയാക്കി. കന്നുകാലികളെ കടത്തിക്കൊണ്ടുപോയി. ധാന്യങ്ങളും കാലിത്തീറ്റയുമെല്ലാം കത്തിയമര്‍ന്നു.
ആദ്യം വന്നത് 10-15 യുവാക്കള്‍ അടങ്ങിയ സംഘമായിരുന്നെന്നും അംസദ് പറയുന്നു. അവരെ ഗ്രാമത്തിലെ മുതിര്‍ന്നവര്‍ തിരിച്ചയച്ച് 30മിനിറ്റിനുള്ളില്‍ വടിയും കൂര്‍ത്തമുനകളുള്ള ആയുധങ്ങളുമായി 100ഓളം യുവാക്കളടങ്ങിയ വലിയൊരു സംഘമെത്തി. പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ തന്റെ പിതാവ് അടക്കമുള്ള ഗ്രാമത്തിലെ മുതിര്‍ന്നവര്‍ പരമാവധി ശ്രമിച്ചെന്നും എന്നാല്‍ അവര്‍ പരാജയപ്പെടുകയാണുണ്ടായതെന്നും അദ്ദേഹം പറയുന്നു.
“സംഘം ആയുധങ്ങള്‍ ഉപയോഗിച്ച് ഞങ്ങളെ ആക്രമിക്കാന്‍ തുടങ്ങി. പെട്ടെന്ന് പൊലീസ് സ്ഥലത്തെത്തി. അഞ്ചോ ആറോ പൊലീസുകാരാണ് വന്നത്. ഇതോടെ യുവാക്കള്‍ തങ്ങള്‍ തിരിച്ചുവരുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് ഓടി മറഞ്ഞു.” അംസദിന്റെ സഹോദരന്‍ ഇമ്രാന്‍ പറയുന്നു.
“ഏതാണ്ട് 30മിനിറ്റ് കഴിയുമ്പോഴേക്കും സായുധരായ 5000ത്തിലേറെയാളുകലുള്ള സംഘം ഇവിടേക്കു വന്നു. അവര്‍ വരുമെന്ന് ഞങ്ങള്‍ക്ക് സൂചന ലഭിച്ചതുകൊണ്ട് സ്ത്രീകളെയും കുട്ടികളെയും വാഡാവലി ഗ്രാമത്തിലെ പള്ളിയിലേക്കു മാറ്റിയിരുന്നു. കന്നുകാലികളെയും വീടും നോക്കാല്‍ വെറും 15-16 ആളുകള്‍ മാത്രമാണ് അവിടെയുണ്ടായിരുന്നത്.” ഇമ്രാന് പറയുന്നു.
ആള്‍ക്കൂട്ടം മൂന്നാം തവണയും വരുന്നതിനു മുമ്പ് തന്റെ പിതാവ് ഇബ്രാഹിംഖാന്‍ തങ്ങളെ രണ്ടുപേരെയും മരുമക്കളെയും സഹോദരന്റെ വീട്ടിലെ ഒന്നാം നിലയിലെ മുറിയിലിട്ട് പുറത്തുനിന്ന് പൂട്ടിയിരുന്നു. ജീവനോടെ തന്റെ പിതാവിനെ അവസാനമായി കണ്ടത് അപ്പോഴാണെന്നും അംസദ് പറയുന്നു.
“അപ്പോഴാണ് ഞാന്‍ ഉപ്പയെ ജീവനോടെ അവസാനമായി കാണുന്നത്. അവര്‍ പോയോ എന്ന് നോക്കട്ടെ എന്നു പറഞ്ഞാണ് അദ്ദേഹം പോയത്. പുറത്തേക്ക് ഇറങ്ങരുത് ഞങ്ങള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.” കരഞ്ഞുകൊണ്ട് അംസദ് പറയുന്നു.
നാലോ അഞ്ചോ വെടിയൊച്ചകളും വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുന്ന ശബ്ദവും ആളുകള്‍ സഹായത്തിനു നിലവിളിക്കുന്നതും തങ്ങള്‍ മുറിക്കുള്ളില്‍ നിന്നും കേട്ടിരുന്നു. അവര്‍ക്കു ചുറ്റുമുള്ള എല്ലാം അവര്‍ നശിപ്പിക്കുകയും കത്തിക്കുകയും ചെയ്‌തെന്നും അംസദ് പറയുന്നു.
“പെട്ടെന്ന് ഞങ്ങളുടെ മുറിയ്ക്കു പുറത്തുനിന്ന് കുറേപ്പേര്‍ വാതില്‍ തുറയ്ക്കാന്‍ ശ്രമിക്കുന്നതു കണ്ടു. ഇതോടെ ഞങ്ങള്‍ മുറി അകത്തുനിന്നുകൂടി പൂടി. അപ്പോഴേക്കും പൊലീസ് സ്ഥലത്തെത്തിയിരുന്നു. ഇതോടെ അവര്‍ രക്ഷപ്പെട്ടു. ഇല്ലായിരുന്നെങ്കില്‍ ഞങ്ങളും കൊല്ലപ്പെട്ടേനെ.” അംസദ് പറയുന്നു.
പിന്നീട് അംസദും ബന്ധുക്കളും പള്ളിയിലേക്കു പോകുകയായിരുന്നു. പിതാവ് കൊല്ലപ്പെട്ട കാര്യം പൊലീസ് അറിയിച്ചപ്പോഴാണ് ഇവര്‍ മനസിലാക്കിയത്.
വഡാവലിയിലെ ഒരു മുസ്‌ലിം യുവാവ് സുന്‍സാറില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയുടെ പിറകേ നടന്നെന്നും ഇത് ഹിന്ദു-മുസ്‌ലിം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ സംഘര്‍ഷത്തിനു വഴിവെയ്ക്കുകയും അത് കലാപത്തിനു കാരണമാകുകയും ചെയ്‌തെന്നാണ് പൊലീസിന് മാന്‍ഹാര്‍സിങ് സാല എന്നയാള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.