| Tuesday, 16th November 2021, 5:27 pm

മാംസാഹാരം കഴിക്കുന്നതിനോട് സര്‍ക്കാരിന് വിരോധമില്ല; പൊതുസ്ഥലങ്ങളിലെ മാംസാഹര വില്‍പന നിരോധിച്ചതില്‍ വിശദീകരണവുമായി ഗുജറാത്ത് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: സസ്യേതര ഭക്ഷണശാലകള്‍ ഗുജറാത്തിലെ പൊതുനിരത്തുകളില്‍ നിന്നും നിരോധിക്കാനുള്ള നീക്കത്തില്‍ പ്രതിസന്ധിയിലായി വഴിയോര കച്ചവടക്കാര്‍. സ്‌കൂളുകളുടെയും കോളേജുകളുടെയും മതസ്ഥാപനങ്ങളുടെയും അടുത്തു നിന്നും സസ്യേതര ഭക്ഷണ ശാലകള്‍ നീക്കം ചെയ്യാനുള്ള തീരുമാനത്തിലൂടെ ഉപജീവനം മുട്ടുമോയെന്ന ഭയത്തിലാണ് കച്ചവടക്കാര്‍.

നഗരത്തിലെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും സസ്യേതര ഭക്ഷണം വില്‍ക്കുമ്പോള്‍ വഴിയോര കച്ചവടക്കാരെ മാത്രം മാറ്റുന്നതിലെ യുക്തിയില്ലായ്മയേയും വഴിയോര കച്ചവടക്കാര്‍ ചോദ്യം ചെയ്യുന്നു.

വഴിയോര കച്ചവട കേന്ദ്രങ്ങള്‍ക്കെതിരെ പരാതികള്‍ ഉയരുന്നുണ്ടെന്നും പ്രഭാതസവാരിക്കിറങ്ങുന്നവര്‍ക്കും സമീപമുള്ള വീട്ടുകാര്‍ക്കും മതസ്ഥാപനങ്ങള്‍ക്കും ഈ ഭക്ഷണശാലകളില്‍ നിന്നുമുണ്ടാകുന്ന ഗന്ധം അസഹ്യമാണെന്നും അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്റെ ടൗണ്‍ പ്ലാനിങ് ആന്‍ഡ് എസ്റ്റേറ്റ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ ദേവാങ് ഡാനി പറഞ്ഞു.

അതേസമയം സസ്യേതര ഭക്ഷണം ഉണ്ടാക്കുന്ന ഹോട്ടലുകളില്‍ നിന്നും റസ്റ്റോറന്റുകളില്‍ നിന്നും ഇത്തരം ഗന്ധം ഉണ്ടാകാറില്ലേയെന്നാണ് വഴിയോരക്കച്ചവടക്കാര്‍ ചോദിക്കുന്നത്. മുട്ട കൊണ്ടുള്ള വിഭവങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും സമാനമായ ഭീഷണി നിലനില്‍ക്കുന്നുണ്ട്.

എന്നാല്‍ വിവാദത്തോട് പ്രതികരിച്ച ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ആളുകളുടെ ഭക്ഷണരീതിയോട് സര്‍ക്കാരിന് എതിര്‍പ്പില്ലെന്നും വഴിയോരകച്ചവടക്കാര്‍ വൃത്തിയുള്ള ഭക്ഷണം വില്‍ക്കണമെന്നതാണ് സര്‍ക്കാരിന്റെ ആവശ്യമെന്നും പറഞ്ഞു. മാംസാഹാരം കഴിക്കുന്നതിനോട് സര്‍ക്കാരിന് ഒരു വിരോധവുമില്ല. വ്യത്തിയും വെടിപ്പും ഉറപ്പാക്കാനാണ് ഇത്തരമൊരു തീരുമാനം; ഭൂപേന്ദ്ര പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.

വഴിയോരകച്ചവടം വാഹന ഗതാഗതം തടസപ്പെടുത്തിയാല്‍ മാത്രം പ്രാദേശിക ഭരണകൂടം നടപടിയെടുത്താല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഈ നിര്‍ദേശം പുറത്ത് വന്നതോടെ നിരവധി വഴിയോര കച്ചവടക്കാര്‍ക്കാണ് തങ്ങളുടെ കടകളുടെ സ്ഥാനം നഷ്ടപ്പെട്ടത്.

പൊതു നിരത്തുകളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നും 100 മീറ്റര്‍ ദൂരപരിധിയിലുള്ള വഴിയോര കച്ചവട കേന്ദ്രങ്ങള്‍ നീക്കം ചെയ്യാന്‍ അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് ആദ്യം തീരുമാനമെടുത്തത്.

സസ്യേതര ഭക്ഷണം വില്‍ക്കുന്ന വഴിയോര കച്ചവട കേന്ദ്രങ്ങള്‍ നീക്കം ചെയ്യണമെന്ന് ചില ബി.ജെ.പി നേതാക്കള്‍ ആവശ്യം ഉയര്‍ത്തിയതോടെയാണ് പ്രാദേശിക ഭരണകൂടങ്ങള്‍ ഇത്തരമൊരു നീക്കത്തിലേക്ക് കടന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Gujarat CM says ‘no problem’ with non-veg food even as street vendors cry out for help

We use cookies to give you the best possible experience. Learn more