| Thursday, 13th February 2020, 10:35 am

ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം: സൗന്ദര്യവത്ക്കരണത്തിനായി ചേരികളടക്കാനൊരുങ്ങി അഹമ്മദാബാദ് നഗരസഭ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് അഹമ്മദാബാദിലെ ചേരിപ്രദേശങ്ങള്‍ മറച്ചുവെച്ച് നഗരം സൗന്ദര്യവത്ക്കരിക്കാനൊരുങ്ങി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. ചേരിപ്രദേശങ്ങള്‍ മറച്ചുവെക്കുന്നതിനായി മതില്‍ പണിയാനാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ തീരുമാനം.

ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും റോഡ്ഷോയില്‍ പങ്കെടുക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെ ചേരി പ്രദേശം മറയ്ക്കുന്നതിനായി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ ഇന്ദിര ബ്രിഡ്ജുമായി ബന്ധിപ്പിക്കുന്ന റോഡിനരികിലാണ് മതില്‍ പണിയുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വിമാനത്താവളത്തിനും മോട്ടേരയിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തിനുമിടയില്‍ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് ഗാന്ധിനഗറിലേക്ക് നയിക്കുന്ന ഭാഗത്ത് അരകിലോമീറ്ററിലധികം നീളവും ആറ് മുതല്‍ ഏഴ് അടി വരെ ഉയരവുമുള്ള മതിലാണ് പണിയുന്നത്.

”ചേരി പ്രദേശത്ത് 600 മീറ്റര്‍ നീളത്തില്‍ 6-7 അടി ഉയരമുള്ള മതിലാണ് പണിയുന്നത്,” പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മുതിര്‍ന്ന എ.എം.സി ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ദേവ് സരണ്‍ ചേരി പ്രദേശത്തെ ജനസഖ്യ 2,500ലേറെയാണ്.
സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി ഈന്തപ്പനകള്‍ വെച്ചുപിടിപ്പിക്കാനും പദ്ധതിയുണ്ട്.

ജപ്പാന്‍ പ്രധാന മന്ത്രി ഷിന്‍സോ അബെയും അദ്ദേഹത്തിന്റെ ഭാര്യ അകി അബേയും 2017 ല്‍ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയപ്പോഴും സമാനാ രീതിയിലുള്ള സൗന്ദര്യവത്കരണം നടത്തിയിരുന്നു.

ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന തനിക്ക് ഗംഭീര സ്വീകരണം നല്‍കുമെന്നും അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് ക്രിക്കറ്റ് സ്റ്റേഡിയം വരെ തന്നെ സ്വീകരിക്കാന്‍ അമ്പത് മുതല്‍ എഴുപത് ലക്ഷം വരെ ആളുകളെ ഒരുക്കുമെന്ന് മോദി ഉറപ്പ് നല്‍കിയതായും ട്രംപ് പറഞ്ഞിരുന്നു.
അഹമ്മദാബാദില്‍ പുതുതായി നിര്‍മിച്ച മൊട്ടേറ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ട്രംപിന് കൂറ്റന്‍ സ്വീകരണമൊരുക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഏകദേശം 50-70 ലക്ഷം ആളുകള്‍ തന്നെ വരവേല്‍ക്കാനുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞിരുന്നു. സ്റ്റേഡിയത്തില്‍ മോദിയും ട്രംപും സംയുക്തമായിട്ടാണ് ജനങ്ങളെ അഭിസംബോധന ചെയ്യുക. ഫെബ്രുവരി 24, 25 തീയതികളിലായിട്ടാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ആദ്യമായിട്ടാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. സന്ദര്‍ശത്തനത്തില്‍ ഇന്ത്യയുമായി വ്യാപാരക്കരാര്‍ ഒപ്പിടാനാകുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more