അഹമ്മദാബാദ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. കര്‍ഷക പ്രതിഷേധത്തിന്റെ ഭാഗമായ ഭാരത് ബന്ദിനെ പിന്തുണച്ച രാഹുല്‍ ഗാന്ധിക്ക് മല്ലിയും ഉലുവയും വേര്‍തിരിക്കാന്‍ കഴിയുമോ എന്നാണ് വിജയ് രൂപാണി ചോദിക്കുന്നത്.
കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഷകര്‍ക്കു വേണ്ടിയെന്ന പേരില്‍ രംഗത്തിറങ്ങിയിരിക്കുകയാണെന്നും അവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വിജയ് രൂപാണി പറഞ്ഞു.
മോദി സര്‍ക്കാര്‍ ആത്മാര്‍ഥമായി കര്‍ഷകര്‍ക്കൊപ്പം നില്‍ക്കാനാണ് ശ്രമിക്കുന്നതെന്നും എന്നാല്‍ കോണ്‍ഗ്രസ് കര്‍ഷകരുടെ പേരും പറഞ്ഞ് ശ്രദ്ധ പിടിച്ചു പറ്റാന്‍ ശ്രമിക്കുകയാണെന്നും വിജയ് രൂപാണി കൂട്ടിച്ചേര്‍ത്തു.
ഭാരത് ബന്ദിന് വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പിന്തുണയ്ക്ക് പിന്നാലെ ആഭ്യന്തരമന്ത്രി അമിത് ഷാ കര്‍ഷകരെ കാണുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
അതേസമയം, കര്‍ഷക പ്രതിഷേധം അടിച്ചമര്‍ത്താനുള്ള ശ്രമം സര്‍ക്കാര്‍ തുടരുകയാണ്. പ്രതിഷേധത്തിന് പിന്തുണ നല്‍കിയ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പൊലീസ് വീട്ടുതടങ്കലിലാക്കിയിരുന്നു. പ്രതിഷേധ സ്ഥലത്തേക്ക് പുറപ്പെട്ട ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെയും കസ്റ്റഡിയിലെടുത്തിരുന്നു.
ഭാരത് ബന്ദിനിടെ ഇടത് നേതാക്കളെയും ചത്തീസ്ഗഡ് പൊലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തിരുന്നു. ഇടത് നേതാക്കളായ കെ.കെ രാഗേഷും കൃഷ്ണ പ്രസാദും ഉള്‍പ്പെടെയുള്ളവരെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. കരുതല്‍ തടങ്കല്‍ എന്നാണ് പൊലീസ് പറയുന്നത്.
ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഇടത് നേതാവായ സുഭാഷിണി അലിയുടെ വീടിന് മുന്‍പില്‍ പോലീസ് കാവലേര്‍പ്പെടുത്തിയിരിക്കുന്നത്. സുഭാഷിണി അലി സമരവേദിയിലെത്തുന്നത് തടയാനാണ് പൊലീസ് ശ്രമമെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു.